തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. സ്‌കൂട്ടറും സ്ഫോടക വസ്‌തുവും തരപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യുന്നത്.
സുഹൈലിന്‍റെ ഫോണ്‍ രേഖകൾ ശേഖരിച്ചപ്പോഴാണ് കേസിൽ പ്രതിയായ ജിതിനുമായുള്ള അടുപ്പം വ്യക്തമായത്. തുടർന്നാണ് സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സുഹൈൽ ഷാജഹാനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
അതേസമയം ആക്രമണ സമയം, പ്രതിയായ ജിതിൻ ഉപയോഗിച്ചിരുന്ന ഷൂ ക്രൈം ബ്രാഞ്ച് കണ്ടെത്തിയെന്നാണ് സൂചന. എന്നാല്‍ തെളിവെടുപ്പിന്‍റെയും അന്വേഷണത്തിന്‍റെയും ഒരു വിവരവും പുറത്തുപോകരുതെന്ന കർശന നിർദേശമാണ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്.