തിരുവനന്തപുരം: ചെറാട് കൂർമ്പാച്ചി സംരക്ഷിത വനമേഖലയിൽ അതിക്രമിച്ച് കയറിയ സംഭവത്തിൽ ബാബുവിനെതിരെ കേസെടുക്കില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ബാബുവിൻ്റെ അമ്മ വീഴ്‌ച ക്ഷമിക്കണമെന്ന് പറഞ്ഞിരുന്നു. അമ്മയുടെ വേദന വനം വകുപ്പ് ഉൾക്കൊള്ളുന്നുവെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുന്നത് അഭികാമ്യമല്ലെന്നും മന്ത്രി പറഞ്ഞു.
ബാബുവിനെയും കുടുംബത്തെയും ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങൾ ഇക്കാര്യത്തിൽ സഹകരിക്കണം, നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ നടത്തുമ്പോൾ അത് സ്വന്തം ജീവന് തന്നെ ഭീഷണിയാകുന്നു എന്ന വസ്‌തുത മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ALSO READ: കാട്ടിൽ കുടുങ്ങുന്നത് തുടർക്കഥ; കടന്നു കയറ്റത്തിന് പൂട്ടിടാൻ വനം വകുപ്പ്, വേണം അനുമതി
ബാബു കയറിയ കൂർമ്പാച്ചി മല സംരക്ഷിത വനമേഖലയുടെ ഭാഗമാണ്. ഇവിടെ അതിക്രമിച്ച് കയറിയ ബാബുവിനെതിരെ കേരളാ ഫോറസ്റ്റ് ആക്റ്റ് പ്രകാരം കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.