തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിനിടയാക്കിയത് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്നാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. നിയമസഭയിൽ പി.കെ ബഷീര്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ രേഖാമൂലം മറുപടി നൽകിയത്. അതേസമയം ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കാതെയാണ് മന്ത്രിയുടെ മറുപടി. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് മന്ത്രിയുടെ മറുപടി.
അപകടത്തെ തുടർന്ന് ശ്രീറാമിന്റെയും കൂടെയുണ്ടായിരുന്ന വഫ ഫിറോസിന്റെയും ലൈസൻസ് ഗതാഗത വകുപ്പ് സസ്പെന്‍റ് ചെയ്‌തു. അപകടം സംബന്ധിച്ച മറ്റു വിവരങ്ങൾ ഗതാഗത വകുപ്പിന് ലഭ്യമല്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. മദ്യപിച്ചു വാഹനമോടിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനും, ഗതാഗത നിയമങ്ങളെക്കുറിച്ചും മാത്രമാണ് മന്ത്രി രേഖാമൂലം മറുപടി നൽകിയിട്ടുള്ളത്.
അപകടത്തിനു ശേഷം കേസിൽ നിന്നും രക്ഷപ്പെടുന്നതിനായി ശ്രീറാം നിരത്തിയ പ്രധാന വാദം താൻ മദ്യപിച്ചിട്ടില്ല എന്നതായിരുന്നു. രക്തസാമ്പിൾ പരിശോധിക്കുന്നതിലടക്കം പൊലീസ് വീഴ്ച വരുത്തുകയും ചെയ്‌തു. കേസിൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശ്രീറാമിന്‍റെ വിശദീകരണം തള്ളുകയും സസ്പെൻഷൻ കാലാവധി നീട്ടുകയുമായിരുന്നു.