തിരുവനന്തപുരം: കേന്ദ്ര സർക്കാർ ആരംഭിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർഥികളുടെ വൻ പ്രതിഷേധം. തമ്പാനൂരിൽ നിന്നും രാജ്ഭവനിലേക്ക് ഉദ്യോഗാർഥികൾ നടത്തിയ മാർച്ചിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു. സമാധാനപരമായി നടന്ന പ്രതിഷേധത്തിൽ അഗ്നിപഥ് സ്‌കീം പിൻവലിക്കണമെന്നും ആർമി കംബൈൻഡ് എൻട്രൻസ് എക്‌സാം നടത്തണമെന്നും ഉദ്യോഗാർഥികൾ അവശ്യപ്പെട്ടു.
സൈനിക റിക്രൂട്ട്മെന്‍റ് റാലികൾ പലതും നടന്നിരുന്നെങ്കിലും അതിൽ നിന്ന് നിയമനം നടന്നിട്ടില്ല. ഇനി പരീക്ഷയെന്ന കടമ്പ മാത്രം ബാക്കി നിൽക്കെയാണ് പെട്ടെന്ന് ഈ റിക്രൂട്ട്മെന്‍റുകൾ റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അഗ്നിപഥ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഫിസിക്കലും മെഡിക്കലുമായ പാസായ വിദ്യാർഥികളാണ് പ്രതിഷേധിക്കുന്നത്.
ആർമി കംബൈൻഡ് എൻട്രൻസ് എക്‌സാം നടത്തണമെന്ന ആവശ്യമുന്നയിച്ച് ഉദ്യോഗാർഥികൾ കലക്‌ടർക്ക് നിവേദനം സമർപ്പിക്കും. അതേസമയം കേന്ദ്രം എത്രയും വേഗം അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സംഘർഷത്തിലേക്ക് കടക്കുമെന്നും ഉദ്യോഗാർഥികൾ മുന്നറിയിപ്പുനൽകി.