തിരുവനന്തപുരം : കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം സര്‍ക്കാരിന് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജീവനക്കാരുടെ സംഘടനകളോട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് ഏല്‍പ്പിക്കുന്ന വന്‍ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനാണ് സാലറി ചലഞ്ച് എന്ന നിര്‍ദേശം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. സര്‍വീസ് സംഘടന പ്രതിനിധികളുമായി മുഖമന്ത്രി നേരിട്ട് സംസാരിച്ചു. സര്‍ക്കാരിനോട് സഹകരിക്കണമെന്നും നിര്‍ബന്ധപൂര്‍വം ആരില്‍ നിന്നും പണം പിരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലോചിച്ച ശേഷം മറുപടി അറിയിക്കാമെന്ന് സര്‍വീസ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ഇത് സംബന്ധിച്ച് യൂണിയന്‍ തലത്തില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്. സൗജന്യ റേഷന്‍, പലവ്യഞ്ജന കിറ്റ്, സാര്‍വത്രിക പെന്‍ഷന്‍ തുടങ്ങിയ ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 20000 കോടി രൂപയുടെ കൊറോണ പാക്കേജും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി സാലറി ചലഞ്ചിലൂടെ നേരിടാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. യൂണിയനുകളും അനുകൂല നിലപാടെടുക്കാനാണ് സാധ്യത. മുമ്പ് പ്രളയകാലത്തും സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചിരുന്നു. അന്ന് മികച്ച പങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും സാലറി ചലഞ്ചില്‍ പങ്കാളികളായിരുന്നു.