തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ പുതിയ പരാതി. എയ്‌ഡഡ് കോളജ് അധ്യാപക നിയമനത്തില്‍ ചട്ടം മറികടന്ന് ഇടപെട്ടെന്ന പരാതിയാണ് കെ.ടി ജലീലിനെതിരെ ഉയര്‍ന്നിരിക്കുന്നത്. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജിലെ അധ്യാപകന്‍റെ പഠനവകുപ്പ് മാറ്റാന്‍ മന്ത്രി പ്രത്യേക യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയെന്നാണ് പരാതി. മന്ത്രിയുടെ ചേംബറില്‍ യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കിയത് ചട്ടലംഘനമാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. സര്‍വകലാശാല നിരസിച്ച അപേക്ഷയിലാണ് മന്ത്രി അനധികൃതമായി ഇടപെട്ടതെന്നും പരാതിയില്‍ പറയുന്നു. ഒരു പഠന വിഭാഗത്തില്‍ നിയമിച്ച അധ്യാപകനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റാന്‍ പാടില്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കെയാണ് ഇത്തരമൊരു ഇടപെടല്‍.
തുമ്പ സെന്‍റ് സേവ്യേഴ്‌സ് കോളജില്‍ ലാറ്റിന്‍ പഠന വിഭാഗത്തില്‍ നിയമിക്കപ്പെട്ട അധ്യാപകനെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിത്. അപേക്ഷകനായ അധ്യാപകന്‍ ഫാ.വി.വൈ ദാസപ്പനെ കൂടി പങ്കെടുപ്പിച്ചാണ് സര്‍വകലാശാല, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ യോഗം ജനുവരി ഏഴിന് മന്ത്രിയുടെ ചേംബറില്‍ വിളിച്ചുകൂട്ടിയത്. മാനേജ്‌മെന്‍റ് നല്‍കിയ അപേക്ഷയില്‍ നേരിട്ട് യോഗം വിളിച്ച് മന്ത്രി ഇടപെട്ടതോടെ ഇക്കാര്യം സിന്‍ഡിക്കേറ്റിന്‍റെ അജണ്ടയില്‍ വരും.
ലാറ്റിന്‍ വിഭാഗത്തില്‍ നിയമിക്കപ്പെട്ട അധ്യാപകന്‍ കോളജ് പ്രിന്‍സിപ്പലായതോടെ ലാറ്റിന്‍ ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരില്ലെന്ന കാരണം നിരത്തിയാണ് പഠന വകുപ്പ് മാറ്റാന്‍ അപേക്ഷ നല്‍കിയത്. ലാറ്റിന്‍ വിഭാഗത്തില്‍ സ്ഥിര അധ്യാപകനെ നിയമിക്കാനാണ് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയുള്ള പരിഹാരം. മാനേജ്‌മെന്‍റുകള്‍ക്ക് യഥേഷ്ടം അധ്യാപകരെ വിഷയം മാറ്റി നിയമിക്കുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ ഇത് കീഴ് വഴക്കമായി മാറുമെന്നും സെലക്ഷന്‍ കമ്മിറ്റികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുമെന്നും പരാതിയില്‍ പറയുന്നു. ചട്ടവിരുദ്ധമായി ഇടപെട്ട ഉത്തരവ് പിന്‍വലിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.