തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് മുന്നില്‍ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെയും സമാന്തര സർവീസുകൾക്കെതിരെയും കർശന നടപടിക്ക് സർക്കാർ നടപടി തുടങ്ങി. കെഎസ്ആർടിസിയും മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 16 വാഹനങ്ങൾ പിടികൂടി.
പരാതി ലഭിച്ചതിനെ തുടർന്ന് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ സർക്കാരിനെ സമീപിച്ചതോടെയാണ് വാഹന പരിശോധന നടത്തിയത്. സർക്കാർ ജീവനക്കാർക്ക് എന്ന പേരിൽ സെക്രട്ടേറിയറ്റ് എന്ന ബോർഡ് വെച്ച് ബസുകളും ടെമ്പോകളും സമാന്തര സർവീസ് നടത്തിയതായി പരാതി ഉയർന്നിരുന്നു. മെഡിക്കൽ കോളജിലേക്കും ആർസിസിയിലേക്കും എന്ന പേരിൽ നിയമവിരുദ്ധമായി സർവീസ് നടത്തിയ വാഹനവും സ്ക്വാഡ് പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് തിരുവനന്തപുരം ആർടിഒ കെ പത്മകുമാർ അറിയിച്ചു.