തിരുവനന്തപുരം : സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുന്‍പ് പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യ വിമര്‍ശനമുയര്‍ത്തിയ മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും കെഇ ഇസ്‌മയിലിനുമെതിരെ നടപടി വേണമോ എന്നത് പാർട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഓരോ ജില്ലകളിലെയും പാര്‍ട്ടി സമ്മേളനങ്ങള്‍ അവലോകനം ചെയ്യും. ഈ അവലോകന യോഗത്തിലായിരിക്കും നടപടി സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും കാനം രാജേന്ദ്രൻ വ്യക്‌തമാക്കി.
ആഭ്യന്തര ജനാധിപത്യമുള്ളതിനാല്‍ അംഗങ്ങള്‍ക്ക് പാര്‍ട്ടി ഘടകങ്ങളില്‍ അഭിപ്രായം പറയാം. അത്തരത്തില്‍ അഭിപ്രായം പറയണമെന്ന് നിഷ്‌കര്‍ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഐ. എന്നാല്‍ പുറത്തുപറയുന്നത് പാര്‍ട്ടിയുടേതല്ല, വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കാനം പറഞ്ഞു.
2015ല്‍ താന്‍ പാര്‍ട്ടി സെക്രട്ടറിയാകുന്ന കാലത്തുനിന്ന് 2022ല്‍ വീണ്ടും ആ പദവിയിലെത്തുമ്പോള്‍ സിപിഐയുടെ അംഗസംഖ്യയിലും ബ്രാഞ്ചുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവാണുണ്ടായിരിക്കുന്നത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജോസ് കെ മാണിയുടെ വരവ് അവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഇടതുമുന്നണിക്ക് ഗണ്യമായ നേട്ടമുണ്ടാക്കി. എന്നാല്‍ അവരുടെ ശക്തി കേന്ദ്രത്തില്‍ അവര്‍ക്ക് തിരിച്ചടി നേരിട്ടിട്ടുമുണ്ട്.
ഇടതുമുന്നണി വിപുലീകരണം തീരുമാനിച്ചിട്ടില്ല. മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ടുവരുമ്പോള്‍ അവരുടെ കാര്യം എല്‍ഡിഎഫ് തീരുമാനിക്കുമെന്നും മുഖാമുഖം പരിപാടിയില്‍ കാനം വ്യക്തമാക്കി.