തിരുവനന്തപുരം : സിസ്റ്റർ അഭയ കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവ്. എസ്.പി.നന്ദകുമാരൻ നായര്‍ക്കാണ് തിരുവനന്തപുരം സിബിഐ കോടതി ജഡ്‌ജി സനൽ കുമാർ ഈ മാസം 26ന് നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയത്. അഭയ കേസുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീം കോടതിയിൽ നൽകിയ ഹർജിയുടെ വിശദാംശം നൽകുവാനാണ് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയത്.
കേസിൽ വിചാരണ നേരിടുന്ന പ്രതികളായ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരുടെ നുണപരിശോധന നടത്തിയ ബെംഗളൂരു ഫൊറൻസിക് വകുപ്പിലെ ഡോക്ടർമാരായ പ്രവീൺ, കൃഷ്ണവേണി എന്നിവരെ ഒഴിവാക്കണം എന്ന് കാണിച്ച് പ്രതിഭാഗം സമർപ്പിച്ച അപേക്ഷ സിബിഐ കോടതി തള്ളിയിരുന്നു. എന്നാൽ ഹൈക്കോടതി പ്രതിഭാഗത്തിന്‍റെ ആവശ്യം അംഗീകരിച്ചിരുന്നു ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ സ്റ്റേ നിലനിൽക്കുന്നത് കാരണം വിചാരണ നടപടികൾക്ക് തടസമുണ്ടോയെവന്ന കാര്യം വിശദമാക്കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകിയത്. കേസിൽ ഇതുവരെ 37 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 27 പേർ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ എട്ടു പേർ പ്രതികളെ അനുകൂലിച്ചിരിന്നു. 1992 മാർച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തില്‍ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.