തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിച്ചു. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. ഇന്ന് കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ പതിനൊന്നു പേരാണ് ഉൾപ്പെട്ടിരുന്നത്.
തിരുവനന്തപുരത്ത് വൈകുന്നേരം ആറരയോടെ 19 പേർ വിമാനമിറങ്ങി. രാത്രി എട്ടരയോടെ ആറു പേരും എത്തി. തലസ്ഥാനത്ത് വിമാനമിറങ്ങിയവരിൽ രണ്ടു പേർ ഒഴികെയുള്ളവർ തിരുവനന്തപുരം ജില്ലക്കാരാണ്.
ALSO READ: തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ
നെടുമ്പാശ്ശേരിയിൽ മന്ത്രി പി രാജീവും തിരുവനന്തപുരത്ത് മന്ത്രിമാരായ വി ശിവൻകുട്ടി, ആന്‍റണി രാജു, ജിആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാർ, നോർക്ക ചെയർമാൻ പി ശ്രീരാമകൃഷ്ണൻ എന്നിവർ ചേർന്ന് വിദ്യാർഥികളെ സ്വീകരിച്ചു.
തിരികെയെത്തുന്ന വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഉൾപ്പടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രൈനിൽ നിന്ന് എല്ലാ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രിമാർ അറിയിച്ചു.