തിരുവനന്തപുരം: കേരള പൊലീസിന്‍റെ കെ 9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 നായ്ക്കുട്ടികളുടെ പാസിങ് ഔട്ട് വ്യാഴാഴ്‌ച നടക്കും. രാവിലെ 10ന് തൃശൂർ രാമവർമപുരം പൊലീസ് അക്കാദമിയിൽ നടക്കുന്ന പാസിങ് ഔട്ട് പരേഡിൽ ഡി.ജി.പി അനിൽകാന്ത് അഭിവാദ്യം സ്വീകരിക്കും. നായ്ക്കളുടെ 46 ഹാൻഡ്‌ലർമാരും കേരള പൊലീസ് സേനയുടെ ഭാഗമാകും.
2021 മാർച്ച് 19നാണ് 12-ാം ബാച്ചിലെ 23 നായ്ക്കളുടെയും അവരുടെ 46 ഹാൻഡ്‌ലർമാരുടെയും പരിശീലനം ആരംഭിച്ചത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് കോളജിലായിരുന്നു പരിശീലനം.
സ്ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിനുള്ള പരിശീലനം ലഭിച്ച നായ്ക്കളിൽ രണ്ടെണ്ണം ആലപ്പുഴ കെ-9 സ്ക്വാഡിലേക്കും, ഓരോ നായ്ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറൽ, തൃശൂർ സിറ്റി, റൂറൽ, കോഴിക്കോട് സിറ്റി, റൂറൽ, കണ്ണൂർ സിറ്റി, റൂറൽ, കൊല്ലം സിറ്റി, റൂറൽ, എറണാകുളം സിറ്റി റൂറൽ, കോട്ടയം എന്നീ കെ - 9 സ്ക്വാഡുകളിലേക്കും കൈമാറും.
ട്രാക്കർ വിഭാഗത്തിൽ പരിശീലനം ലഭിച്ച അഞ്ച് നായ്ക്കളെ കൊച്ചി സിറ്റി, പാലക്കാട്, കണ്ണൂർ റൂറൽ, ഇടുക്കി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതവും നാർക്കോട്ടിക് ഡിറ്റക്ഷൻ വിഭാഗത്തിൽ പരിശീലനം ലഭിച്ച മൂന്ന് നായ്ക്കളെ തിരുവനന്തപുരം സിറ്റി, റൂറൽ, കണ്ണൂർ റൂറൽ എന്നിവിടങ്ങളിൽ ഒന്ന് വീതവും കഡാവർ ഡിറ്റക്ഷൻ വിഭാഗത്തിൽ പരിശീലനം ലഭിച്ച നായയെ ഇടുക്കി കെ-9 സ്ക്വാഡിനും കൈമാറും.
ബെൽജിയം മാലിനോയ്സ്, ജർമൻ ഷെപേഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കളാണ് സേനയുടെ ഭാഗമാകുന്നത്.
ALSO READ: അഞ്ചലിൽ കിണറ്റിൽ അകപ്പെട്ട മയിലിനെ രക്ഷപ്പെടുത്തി, video