പാലക്കാട്: ലോക്‌സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ ഒന്നാം വാർഷികത്തിൽ ഒരു വർഷത്തെ വികസന പ്രവർത്തനങ്ങൾ അവതരിപ്പിച്ച് വി.കെ ശ്രീകണ്ഠൻ എം.പി. റെയിൽവേ പിറ്റ് ലൈൻ പദ്ധതിക്കായി 19 കോടി 10 ലക്ഷം രൂപ ചെലവഴിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരത്തിൽ പാഴായി കിടക്കുന്ന 600 ഏക്കറോളം വരുന്ന റെയിൽവേയുടെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷന് മുമ്പിലും ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിലും പതിനേഴ് ലക്ഷം രൂപ ചെലവഴിച്ച് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത നിർദിഷ്ട സ്ഥലത്ത് 5000 പേർക്ക് ജോലി ലഭിക്കുന്ന റെയിൽവേയുമായി തന്നെ ബന്ധപ്പെട്ട മറ്റൊരു പദ്ധതി നടപ്പാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.