പാലക്കാട്: ദേശീയപാത വെള്ളപ്പാറയിൽ രണ്ട് യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്‌ആർടിസി ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യക്ക് കേസ് എടുക്കണമെന്ന് അപകടത്തിൽ മരിച്ച ആദർശിന്‍റെ ബന്ധുക്കൾ. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.
ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിനാണ് കാവശേരി ഈടുവെടിയാൽ ഷീജ നിവാസിൽ മോഹൻകുമാറിന്‍റെ മകൻ ആദർശും സുഹൃത്ത് കാസർകോട് സ്വദേശി സബിത്തും അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ മനഃപൂർവമായി കെഎസ്‌ആർടിസി ബസ് ഇടിക്കുകയായിരുന്നുവെന്ന് പിന്നിൽ സഞ്ചരിച്ച വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അപകടത്തിന് മുമ്പ് ബൈക്ക് യാത്രക്കാരുമായി കെഎസ്‌ആർടിസി ഡ്രൈവർ വാക്കു തർക്കത്തിൽ ഏർപ്പെട്ടതായി ബസിലെ യാത്രക്കാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. റോഡിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിട്ടും തെറ്റായ ദിശയിൽ ഓവർടേക് ചെയ്യുകയും ബൈക്ക് യാത്രക്കാരെ അപായപ്പെടുത്താൻ ഉദ്ദേശിച്ച് ബൈക്കിനെ വശത്തേക്ക് ഇടിച്ചിടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും പരാതിയിൽ പറയുന്നു.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ കുഴൽമന്ദം പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുത്ത് കെഎസ്‌ആർടിസി ഡ്രൈവറെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ ബോധപൂർവം വരുത്തിയ അപകടമായതിനാൽ ശക്തമായ വകുപ്പ് ചുമത്തി കേസെടുത്ത് നിയമനടപടി തുടരണമെന്നാണ് കുടുംബം പരാതിയിൽ ആവശ്യപ്പെടുന്നു.
ALSO READ: പരീക്ഷയ്ക്ക് മുമ്പ് നടുറോഡിലിരുന്ന് കോപ്പി എഴുതി കുട്ടികള്‍ : വീഡിയോ പുറത്ത്