പാലക്കാട്: ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തി വഴി കടക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കുന്നു. അതിര്‍ത്തികള്‍ വഴി എത്തുന്ന ചരക്ക് വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യാനും ഉന്നതതല യോഗത്തിൽ തീരുമാനമായി. കൊവിഡ് 19 പടർന്ന് പിടിക്കുന്നതിനിടയിലും നിരവധിപേർ അനധികൃതമായി അതിര്‍ത്തി കടക്കുന്നതിനാലാണ് പാലക്കാട് ഉന്നതതല യോഗം ചേര്‍ന്നത്. മന്ത്രി എ.കെ ബാലൻ, ജില്ലാ കലക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഏഴ് ചെക്ക് പോസ്റ്റുകളിലായി 24എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചു. മൂന്ന് ഷിഫ്റ്റുകളിലായി ഇവർ ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിലയിരുത്തും. തഹസിൽദാർമാരെ ഇന്‍സിഡന്‍റല്‍ കമാന്‍റേഴ്‌സായും നിയോഗിച്ചിട്ടുണ്ട്. അതിർത്തിയിൽ 400 പൊലീസുകാരെ വിന്യസിച്ചു. അതിർത്തികളിലെ വീടുകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. അതിർത്തിയിലെ രോഗികളുടെ വിവരങ്ങൾ രണ്ട് സംസ്ഥാനങ്ങളും പരസ്‌പരം കൈമാറുമെന്നും മന്ത്രി അറിയിച്ചു. ചരക്ക് വാഹനങ്ങളുടെ ഉടമകൾ ജീവനകാരുടെ വിവരങ്ങൾ രേഖകളായി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.