പാലക്കാട് : ബാറിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പുതുശ്ശേരി സ്വദേശി മണികണ്ഠൻ (26), വേനോലി നെല്ലിക്കൽ പറമ്പ് വീട്ടിൽ പ്രശാന്ത് (28), പുതുശ്ശേരി തെക്കേത്തറ കാച്ചാത്ത് വീട്ടിൽ മണിക്കുട്ടന്‍ (22) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 22നായിരുന്നു കേസിനാസ്‌പദമായ സംഭവം.
ചന്ദ്രനഗറിലെ സ്വകാര്യ ബാറിനകത്ത് വച്ചാണ് യുവാവിനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. ഗ്ലാസ് എടുത്ത് മാറ്റാൻ പറഞ്ഞതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. യുവാവിനോട് ഗ്ലാസ് എടുത്ത് മാറ്റാൻ പറയുകയും വിസമ്മതിച്ചതോടെ കുപ്പി കൊണ്ട് തലയിലും മുഖത്തും അടിക്കുകയുമായിരുന്നു.
ഹോട്ടലിനകത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്‍പി വി.കെ രാജു, കസബ ഇൻസ്പെക്ടർ എൻ.എസ് രാജീവ്, എസ്ഐ എസ് അനീഷ്, എസ്‍സിപിഒ കെ ഉദയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.