പാലക്കാട്: സംസ്ഥാനത്ത് പതിറ്റാണ്ടുകളായി ആദിവാസികളെ കബളിപ്പിച്ച് അവരുടെ ഭൂമി തട്ടിയെടുക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതായി സംസ്ഥാന എസ്.സി എസ്.ടി കമ്മിഷൻ ചെയർമാൻ മാവോജി. ഇതു തടയാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് എസ്.സി എസ്.ടി കമ്മിഷൻ ജില്ലാ അദാലത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഭൂമി തട്ടിയെടുക്കലുമായി ബന്ധപ്പെട്ട് 60 വർഷം വരെ പഴക്കമുള്ള പരാതികളാണ് കമ്മിഷനു മുന്നിൽ വന്നത്. തങ്ങളുടെ ഭൂമി മറ്റുള്ളവർ തട്ടിയെടുത്ത വിവരം പോലും പലരും അറിയുന്നത് വർഷങ്ങൾ കഴിഞ്ഞാണ്. പരാതികളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി. പാലക്കാട് ജില്ലയിൽ ലഭിച്ച പരാതികളിൽ 73 എണ്ണത്തിലും തീർപ്പുണ്ടാക്കിയതായും കമ്മിഷൻ അറിയിച്ചു. ബാക്കിയുള്ള 28 പരാതികളിൽ ഉടൻ നടപടി സ്വീകരിക്കും.