പാലക്കാട്: പട്ടാമ്പി നഗരസഭയിലെ പി.എം.എ.വൈ പദ്ധതി പ്രകാരം നിർമിച്ച 19 വീടുകളിലും സാന്ത്വന പ്രവർത്തനത്തിന്‍റെ ഭാഗമായി നിർമിച്ച ഒരു വീട്ടിലും ഗൃഹപ്രവേശം നടന്നു. കേന്ദ്രമന്ത്രി വി മുരളീധരൻ ഗൃഹ പ്രവേശനം ഉദ്‌ഘാടനം ചെയ്തു. പട്ടാമ്പി നഗരസഭയിലെ പതിനഞ്ചാം ഡിവിഷനിലെ കിഴായൂർ ലക്ഷം വീട് കോളനിയിൽ ശോചനീയവസ്ഥയിൽ ഉണ്ടായിരുന്ന വീടുകളാണ് പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചത്. മൊത്തം 20 വീടുള്ളതിൽ 19 വീടുകൾ പി.എം.എ.വൈ പദ്ധതി പ്രകാരവും ഒരു വീട് സാന്ത്വന പ്രവർത്തനത്തിന്റെ ഭാഗമായുമാണ് നിർമിച്ചത്.
വീട് സമർപ്പണം നടത്തുന്നതിനെതിരെ പട്ടാമ്പി നഗരസഭ പ്രതിഷേധം ഉന്നയിക്കുകയും കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു. പി.എം.എ.വൈ പദ്ധതിയിൽ നഗരസഭ 2 ലക്ഷം രൂപ വകയിരുത്തിയാണ് വീടുകൾ നിർമിച്ചത്. അതുകൊണ്ട് തന്നെ വീടുകളുടെ സമർപ്പണം തീരുമാനിക്കേണ്ടത് നഗരസഭ കൗൺസിലിന്‍റെ തീരുമാനപ്രകാരമാകണമെന്നാണ് നഗരസഭയുടെ വാദം.
വാർഡ് കൗൺസിലർ വിനീത ഗിരീഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കൃഷ്ണവേണി, ബി ജെ പി ജില്ലാ പ്രസിഡന്‍റ് കൃഷ്ണദാസ്, മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ, ജനറൽ സെക്രട്ടറി അഡ്വ: പി മനോജ് എന്നിവർ പങ്കെടുത്തു