പാലക്കാട്: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയാൽ പാലക്കാട് ജില്ലാ ആശുപത്രി കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ തീരുമാനം. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ പേർ ജില്ലയിലേക്ക് എത്തുന്നതിനാൽ രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ 40 കൊവിഡ് രോഗികളെ വരെ ചികിത്സിക്കാൻ ആശുപത്രിയിൽ സൗകര്യം ഉണ്ട്. ഇത്രയും രോഗികളെ പ്രവേശിപ്പിക്കേണ്ടിവരുമ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവരെ കിടത്തി ചികിത്സിക്കാൻ പുതിയ വാർഡ് കണ്ടെത്തണം.
അതേസമയം ഒ.പി അടക്കമുള്ള മറ്റു ചികിത്സകൾ ഇവിടെ നിന്നും മാറ്റേണ്ടിവരും. ഇതിനായി പാലക്കാട് ഗവ. മെഡിക്കൽ കോളജ് കെട്ടിടം ഉപയോഗിക്കുന്നതിനുള്ള സൗകര്യം പരിശോധിച്ചിരുന്നു. ഈയാഴ്ച്ച ചേരുന്ന അവലോകനയോഗത്തിൽ പദ്ധതി വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം.