പാലക്കാട്: ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസായ തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. കുടിവെള്ള പദ്ധതികളുടെ ഭാഗമായി നിര്‍മിച്ച കിണറുകൾ സ്ഥിതി ചെയ്യുന്ന തടയണയുടെ ഷട്ടറിന് താഴെയാണ് സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ട്.
തൃശൂർ ജില്ലയിലെ ചാവക്കാട്, ഗുരുവായൂർ, കുന്ദംകുളം നഗരസഭകൾ, അഞ്ചോളം പഞ്ചായത്തുകൾ, പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകൾ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങള്‍ സമീപത്തെ മറ്റ് ജില്ലകളിലെ ചില പ്രദേശങ്ങളിലുള്ളവര്‍ എന്നിവരെല്ലാം വെള്ളിയാങ്കല്ല് തടയണയിലെ ജലത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് അറവ് മാലിന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാലിന്യം കലർന്നതോടെ മഞ്ഞപ്പിത്തം, കോളറ, ടൈഫോയിഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പടർന്ന് പിടിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങളും ആരോഗ്യവിഭാഗവും.