പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. രാഷ്ട്രീയ കൊലപാതകമാണെന്ന് കുറ്റപത്രം പറയുന്നു.
കേസിൽ ആകെ 20 പ്രതികളാണുള്ളത്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരാണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ ഉൾപ്പടെ 11 പേരെ അറസ്റ്റ് ചെയ്‌തിരുന്നു.
ഒരാൾക്ക് ജാമ്യം ലഭിച്ചിരുന്നു. റിമാന്‍ഡിലുള്ള 10 പേരുടെ അറസ്റ്റ് ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. ജാമ്യം കിട്ടിയ ആളുടേതുൾപ്പടെ പത്തുപേരെ ഉൾപ്പെടുത്തി പിന്നീട് കുറ്റപത്രം സമർപ്പിക്കും.
350 സാക്ഷിമൊഴികൾ, 379 ഡോക്യുമെന്‍റുകള്‍, 10 ജിബി സിസിടിവി ഫൂട്ടേജ്, 1000ത്തിലേറെ സിഡിആർ അനലൈസ്, രഹസ്യമൊഴികൾ, റൂട്ട് മാപ്പ് എന്നിവ തെളിവിലേക്ക് നൽകി.
സലാം, ഇൻഷ് മുഹമ്മദ് ഹക്ക്, ഇംതിയാസ് അഹമ്മദ്, മുഹമ്മദ് യാസിൻ, ജാഫർ, മുഹമ്മദ് ഹാറൂൺ, നസീർ, നൗഫൽ, ഇബ്രാഹിം മൗലവി, ബാവ, നൂർമുഹമ്മദ്, നിഷാദ്, ഷംസീർ, ഷാജഹാൻ, അബു താഹീർ, സവാദ്, ഈസ, ഷിഹാബ് റഹ്മാൻ, മുഹമ്മദ് ഫൈസൽ, ഹക്കീം എന്നിവരാണ് പ്രതികൾ. 2021 നവംബർ 15നാണ് ഭാര്യയുമൊത്ത് ബൈക്കില്‍ ജോലിക്കു പോകുംവഴി സഞ്ജിത്തിന് നേരെ ആക്രമണമുണ്ടായത്. കാറിൽ എത്തിയവർ ബെക്ക് തടഞ്ഞുനിർത്തി ആളുകൾ നോക്കിനിൽക്കെ വെട്ടിവീഴ്‌ത്തുകയായിരുന്നു. ശരീരത്തിൽ മുപ്പതോളം വെട്ടുണ്ട്.
ജില്ല പൊലീസ് മേധാവിക്ക് കീഴിൽ അഡീഷണൽ എസ്‌പി ബിജു ഭാസ്‌കര്‍, പാലക്കാട് ഡിവൈഎസ്‌പി പി.സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യ, ടൗൺ സൗത്ത് ഇൻസ്‌പെക്‌ടർ ഷിജു എബ്രഹാം, മീനാക്ഷിപുരം ഇൻസ്‌പെക്‌ടർ ജെ മാത്യു, കസബ ഇൻസ്‌പെക്‌ടർ രാജീവ്, കൊഴിഞ്ഞാമ്പാറ ഇൻസ്‌പെക്‌ടർ എം ശശിധരൻ, നെന്മാറ ഇൻസ്‌പെക്‌ടർ എ ദീപകുമാർ, ചെർപ്പുളശേരി ഇൻസ്‌പെക്‌ടർ എം സുജിത്, റിയാസ് ചെക്കേരി എന്നിവരടങ്ങിയ 50 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. തമിഴ്‌നാട്, മലപ്പുറം, ചെർപ്പുളശ്ശേരി, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
Also read: അമ്പലമുക്ക് കൊലപാതകം: അറസ്റ്റിലായ രാജേന്ദ്രന്‍ ഇരട്ടക്കൊലക്കേസ് പ്രതിയെന്ന് പൊലീസ്