പാലക്കാട്: എലപ്പുള്ളി പഞ്ചായത്തിൽ പൂക്കാലം വിരിയിയ്ക്കുകയാണ് എലപ്പുള്ളി സ്വദേശിയും ഉപ്പുതോട് പാടശേഖര സമിതി അംഗവുമായ ബിന്ദു. ജില്ലയിൽ അത്രയൊന്നും സുപരിചിതമാല്ലാത്ത മുല്ലക്കൃഷിയിലൂടെയാണ് ബിന്ദു നാട്ടിൽ സുഗന്ധം പരുത്തുന്നത്. ഒരു വര്‍ഷം കൊണ്ട് മുല്ലക്കൃഷിയില്‍ വിജയം കൊയ്യാന്‍ ബിന്ദുവിനായി.
പൂക്കളോടുള്ള ഇഷ്‌ടം കൊണ്ട് 2021 ജനുവരിയിലാണ് ബിന്ദു തന്‍റെ 60 സെന്‍റ് സ്ഥലത്ത് മുല്ലക്കൃഷി ചെയ്‌ത് തുടങ്ങിയത്. പ്രസിദ്ധമായ രാമേശ്വരം മുല്ലയുടെ അയ്യായിരത്തോളം തൈ വച്ച് നട്ടുപിടിപ്പിച്ചു. ആറുമാസം കഴിഞ്ഞപ്പോൾ ആദ്യ വിളവെടുത്തു, ആദ്യഘട്ടത്തിൽ ക്ഷേത്രങ്ങളിലും മറ്റും മുല്ലപ്പൂക്കൾ നൽകി.
ഫെബ്രുവരി പകുതി മുതൽ മെയ് വരെയാണ് പ്രധാന സീസൺ. പ്രതിദിനം അഞ്ച് കിലോയിലേറെ പൂക്കൾ ലഭിക്കും. ഇതിനോടകം 40 കിലോ മുല്ലപ്പൂക്കൾ വിറ്റതായി ബിന്ദു പറഞ്ഞു.
രാമേശ്വരം മുല്ലയ്ക്ക് ആവശ്യക്കാരേറെ: മുല്ലപ്പൂവിന് നിലവിൽ കിലോയ്ക്ക് ആയിരം രൂപയിൽ താഴെയാണ് വില. സീസൺ അല്ലാത്ത സമയങ്ങളിൽ നാലായിരം രൂപ വരെ വില വരും. ഏറെ പ്രത്യേകതകളുള്ള രാമേശ്വരം മുല്ലയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
നല്ല നീളമുള്ള ഇവ പെട്ടെന്ന് വാടുകയില്ല, കൂടുതല്‍ നേരം മണവും നിലനിൽക്കും. കെട്ടാനും എളുപ്പമാണ്. നിലവിൽ വിവാഹാവശ്യത്തിന് സമീപിയ്ക്കുന്ന ആളുകൾക്ക് പത്ത് ശതമാനം പോലും നൽകാൻ പൂക്കൾ തികയുന്നില്ലെന്നും കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ബിന്ദു പറയുന്നു.
മുല്ലക്കൃഷി ചെയ്യുന്നതിന്‍റെ തൊട്ടടുത്ത് ഇതിനായി ഒരേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സഹായത്തിന് ഭർത്താവും വിമുക്ത ഭടനുമായ പൊന്നുമണി, മകൻ ആഷിക് എന്നിവരും ഒപ്പമുണ്ട്. ഓണ സീസണ്‍ ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷി ചെയ്യാനും ഒരുങ്ങുകയാണ് ബിന്ദു.
Also read: video: ഏഴ് കിലോയുടെ ഭീമൻ മധുരക്കിഴങ്ങ്, ഈ കർഷക സൂപ്പറാണ്