പാലക്കാട്: സിപിഎം നേതാവും ജില്ല പഞ്ചായത്ത് മുന്‍ അംഗവുമായ ഇ.കെ മുഹമ്മദ് കുട്ടി കോൺഗ്രസിൽ ചേർന്നു. സിപിഎമ്മിന്‍റെ ആനുകാലിക പ്രവർത്തന ശൈലിയോട് പൊരുത്തപ്പെട്ടു പോകാൻ സാധിക്കാത്തതും, ചില നേതാക്കളുടെ ധിക്കാരപരമായ പ്രവർത്തികളിൽ പ്രതിഷേധിച്ചുമാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് കുട്ടിയെ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗത്വം നൽകി സ്വീകരിച്ചു.
പത്ത് വർഷം ജില്ലാ പഞ്ചായത്തംഗമായിരുന്ന മുഹമ്മദ് കുട്ടി സിപിഎം കുലുക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗം, കുലക്കല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്‍റ്, കാർഷിക വികസന സഹകരണ സംഘം പ്രസിഡന്‍റ്, ചെർപ്പുളശേരി സഹകരണ ആശുപത്രി ഡയറക്ടർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2004 മുതൽ പാര്‍ട്ടി സജീവ പ്രവർത്തകനായ മുഹമ്മദ് കുട്ടി കുലുക്കല്ലൂർ ലോക്കൽ കമ്മറ്റി അംഗമായിരിക്കെയാണ് പാര്‍ട്ടി വിട്ടത്.
സിപിഐ നേതാവ് ഈശ്വരി രേശനും ബിജെപി നേതാക്കളായ എസ്.ശെൽവൻ, കെ.ബാബു. ബിഎംഎസ് നേതാവ് കെ.ബാലൻ മുണ്ടൂർ എന്നിവർ കഴിഞ്ഞ ദിവസം കോൺഗ്രസില്‍ ചേര്‍ന്നിരുന്നു. വരും ദിവസങ്ങളിൽ കൂടുതല്‍ നേതാക്കൾ പാര്‍ട്ടിയില്‍ ചേരുമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി പറഞ്ഞു.