പാലക്കാട്: തോക്കുമായി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിലായ ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെഎസ്‌ബിഎ തങ്ങൾക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല. ജാമ്യമില്ലാവകുപ്പ് പ്രകാരം പീളമേട് പൊലീസ് അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലുള്ള തങ്ങൾക്ക് രണ്ട് ദിവസം കഴിഞ്ഞാൽ മാത്രമേ കോയമ്പത്തൂർ കോടതിയിൽ ജാമ്യഹർജി നൽകാൻ സാധിക്കുകയുള്ളു. തോക്കിന്‍റെ ഉറവിടം, ഫോറൻസിക് പരിശോധന ഫലം എന്നിവ കിട്ടിയാലേ പ്രോസിക്യൂഷൻ വാദം തുടങ്ങു.
തോക്ക് എന്തിനാണ് കൊണ്ടുപോയതെന്നതിനെ സംബന്ധിച്ചും കൃത്യമായ ഉത്തരം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. വർഷങ്ങൾക്ക്‌മുമ്പ് ബാപ്പ ഉപയോഗിച്ച തോക്ക് അറിയാതെ ബാഗിൽ ഉൾപ്പെട്ടതാണെന്ന മറുപടി പൊലീസും സിഐഎസ്‌എഫും മുഖവിലക്കെടുത്തിട്ടില്ല.
പാലക്കാട് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് കോയമ്പത്തൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ
ചൊവ്വാഴ്‌ച രാവിലെയാണ് വിമാനത്താവളത്തിൽ തങ്ങളുടെ ബാഗ് പരിശോധനയ്‌ക്കിടെ പിസ്‌റ്റളും ഏഴ് തിരകളും കണ്ടത്. ഇതിന് കൃത്യമായ രേഖകൾ ഹാജരാക്കാനും തങ്ങൾക്ക് കഴിഞ്ഞില്ല. ഇയാളെ ഉടൻ വിമാനത്താവള സുരക്ഷാവിഭാഗമായ സിഐഎസ്‌എഫിന് കൈമാറി. പീളമേട് സ്‌റ്റേഷനിൽ കൊണ്ടുപോയി വിശദമായി ചോദ്യം ചെയ്‌തശേഷം വൈകിട്ട് അറസ്‌റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്‌തു.
പട്ടാമ്പി എംഇഎസ് ഇന്റർനാഷണൽ സ്‌കൂൾ സെക്രട്ടറിയായ തങ്ങൾ വിദ്യാർഥികൾക്ക് യൂണിഫോം വാങ്ങാൻ ബംഗളൂരുവിലേക്ക് പോകാനാണ് വിമാനത്താവളത്തിലെത്തിയതെന്ന് പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളും ഗുരുതര രോഗങ്ങളും അലട്ടുന്നതിനാൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കെഎസ്‌ബിഎ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്‌ബിഎ തങ്ങൾ പട്ടാമ്പി നഗരസഭാ ചെയർമാനായിരിക്കെ നടത്തിയ ഭൂമി ഇടപാടിൽ വിജിലൻസ് കേസെടുത്തിരുന്നു. അതിൽ അടുത്തിടെയാണ് ജാമ്യം ലഭിച്ചത്.
സംഭവം സമഗ്രമായി അന്വേഷിക്കണമെന്ന് സിപിഐ എം പാലക്കാട് ജില്ലാസെക്രട്ടറി ഇ എൻ സുരേഷ് ബാബു ആവശ്യപ്പെട്ടു. രാഷ്ട്രീയ സംഘർഷ സാധ്യത തള്ളിക്കളയാനാകില്ലെന്നും പ്രസ്‌താവനയിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഉപയോഗശൂന്യമായ തോക്കായതിനാൽ മേൽകോടതിയിൽനിന്ന് ജാമ്യം ലഭിക്കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ പറഞ്ഞു.
READ MORE: തോക്കും തിരകളുമായി ഡിസിസി വൈസ് പ്രസിഡൻ്റ് അറസ്റ്റിൽ