പാലക്കാട് : ചാലിശ്ശേരിയില്‍ വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുമണ്ണൂർ വടക്കേപുരക്കൽ റിട്ടയേഡ് ഹെൽത്ത് ഇൻസ്‌പെക്‌ടറായ നാരായണനും ഭാര്യ ഇന്ദിരയുമാണ് തീ പൊള്ളലേറ്റ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 2 മണിയോടെയാണ് സംഭവം.
വലിയ ശബ്‌ദം കേട്ടെത്തിയ അയല്‍വാസികളാണ് വീട്ടിൽ തീ ആളിക്കത്തുന്നത് കണ്ടത്. വീടിന് പുറകിലുള്ള വിറക് പുരയിലാണ് തീ കണ്ടത്. നാട്ടുകാർ വെള്ളമൊഴിച്ച് അണക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആളുകളും ഉള്ളതായി മനസിലായത്. തുടര്‍ന്ന് ചാലിശ്ശേരി പൊലീസും ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി.
Also read: കണ്ണൂരില്‍ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ
പരസ്‌പരം കയര്‍ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വീട്ടിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടിൽ ഒറ്റയ്ക്കാണ് താമസമെന്നതിനാല്‍ സുരക്ഷിതമല്ലെന്നാണ് കുറിപ്പിലുള്ളത്. യാതൊരു സാമ്പത്തിക ബാധ്യതകളും ഇല്ലെന്നും പറയുന്നു. ദമ്പതികൾക്ക് മൂന്ന് പെൺമക്കളാണുള്ളത്.