പാലക്കാട് : അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി.
ആഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി പറഞ്ഞിരുന്നതെങ്കിലും ഇന്ന് (28.06.2022) രാവിലെ പ്രസവിച്ചു. സ്‍കാനിംഗില്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഞ്ഞിന്‍റെ തലയില്‍ മുഴ കണ്ടെത്തിയിരുന്നു. ഇതോടെ അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 5 ആയി. കഴിഞ്ഞ 6 മാസത്തിനിടെ 9 ശിശുക്കളാണ് അട്ടപ്പാടിയില്‍ മരിച്ചത്.
ഈ മാസം 21ന് അട്ടപ്പാടിയില്‍ അഞ്ചു മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഒസത്തിയൂരിലെ പവിത്ര-വിഷ്‌ണു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് പവിത്ര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഗര്‍ഭം അഞ്ചാം മാസം എത്തിയപ്പോള്‍ ആയിരുന്നു പ്രസവം. 25 ആഴ്‌ച മാത്രം വളര്‍ച്ചയുണ്ടായിരുന്ന ശിശുവിനെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഫ്ലൂയിഡ് കുറഞ്ഞതിനെ തുടര്‍ന്നാണ് പവിത്രയെ അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കാവുണ്ടിക്കല്‍ ഊരിലെ മണികണ്‌ഠന്‍-കൃഷ്‌ണവേണി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞും കഴിഞ്ഞ മാസം അട്ടപ്പാടിയില്‍ മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ പ്രസവത്തിന് ശേഷം ഡിസ്‍ചാര്‍ജ് ചെയ‍്‍ത് വീട്ടിലേക്ക് പോകുമ്പോള്‍ ഗൂളിക്കടവില്‍ വെച്ച് കുട്ടിക്ക് അനക്കമില്ലാതാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചു.
Also read : ആശുപത്രിയില്‍ നവജാത ശിശുവിനെ എലി കരണ്ടു ; കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരം