പാലക്കാട്: കാലാകാലങ്ങളായി വൈദ്യുതി കിട്ടാക്കനിയായിരുന്ന അട്ടപ്പാടി കുറുക്കൻ കുണ്ടിലെ ജനങ്ങൾക്ക് പ്രത്യാശയേകി വനംവകുപ്പ് മന്ത്രി. സമ്പൂർണ വൈദ്യുതീകരണം നടന്ന ജില്ലയെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ തങ്ങൾക്ക് വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടികാട്ടി കുറുക്കൻ കുണ്ടിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സമരം ശ്രദ്ധയിൽ പെട്ട എംഎൽഎ അഡ്വ. എൻ ഷംസുദ്ദീൻ വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതിനെ തുടർന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കർഷക പ്രതിനിധികളെയും വിളിച്ചു ചേർത്തു. തീരുമാനത്തിലെത്താൻ വനം മന്ത്രിക്ക് നിർദ്ദേശം നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ 50 വർഷത്തിൽ കൂടുതലായി റവന്യൂ രേഖകൾ സഹിതം ജീവിക്കുന്ന ജനങ്ങൾക്ക് വൈദ്യുതി നൽകാൻ തീരുമാനമായി.
1977ന് മുമ്പുള്ള കൈവശ രേഖ പ്രകാരവും ജോയിന്‍റ് വെരിഫിക്കേഷൻ ലിസ്റ്റിൽ പെട്ടിരിക്കുന്നതുമായ 31 കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ ഉത്തരവായി. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, കുടിയേറ്റ ജനതയുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൊവിഡ് വ്യാപനത്തെ തുടർന്ന് പഠനം ഓൺലൈനിലേക്ക് ചുവടു മാറ്റിയപ്പോൾ ഇവിടങ്ങളിലെ കുട്ടികൾക്ക് പഠനം മുന്നോട്ടു കൊണ്ടുപോകുക അസാധ്യമായിരുന്നു. ഇതോടെ വൈദ്യുതിക്കായുള്ള സമരങ്ങൾക്ക് കനം വെച്ചു. കുട്ടികളും സ്ത്രീകളും സമരത്തിന്‍റെ ഭാഗമായി. വൈദ്യുതി ലഭ്യമാകാൻ തടസ്സമായി നിൽക്കുന്നത് വനം വകുപ്പിന്‍റെ ദുശാഠ്യമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പട്ടയം ലഭിച്ച ഭൂമികൾ വരെ വനഭൂമിയാണെന്ന് വരുത്തി തീർത്ത്, തങ്ങളെ അനധികൃതമായി വനഭൂമി കയ്യേറ്റക്കാരെന്ന് മുദ്ര കുത്തി ഈ മണ്ണിൽ നിന്നും ആട്ടിപ്പായിക്കാനുള്ള ശ്രമമാണ് വകുപ്പ് നടത്തുന്നതെന്നും ഇവർ ആരോപിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് വനം മന്ത്രി തന്നെ ഇടപെടണമെന്ന നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.