പാലക്കാട്: പാലക്കാട് നിന്നും ബിഹാറിലേക്കുള്ള ട്രെയിൻ റദ്ദാക്കിയതില്‍ പട്ടാമ്പിയിൽ ബിഹാർ സ്വദേശികൾ പ്രതിഷേധിച്ചു. നാട്ടിലേക്ക് പോകാൻ രാവിലെ സ്ക്രീനിങ് സെന്‍ററിലെത്തിയ ഇവർ ട്രെയിനില്ലന്ന് അറിഞ്ഞപ്പോൾ പ്രതിഷേധിച്ച് കാല്‍നടയാത്ര ആരംഭിക്കുകയായിരുന്നു. ഉംപുൻ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടതോടെയാണ് ബിഹാറിലേക്കുള്ള ട്രെയിൻ റദ്ദാക്കിയത്. ട്രെയിൻ റദ്ദാക്കിയെന്നും മറ്റൊരു ദിവസം ട്രെയിൻ അനുവദിക്കുമെന്നും പൊലീസിന്‍റെയും റവന്യുവിന്‍റെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികളെ അറിയിച്ചുവെങ്കിലും അതൊന്നും വകവെക്കാതെ തൊഴിലാളികൾ പുലർച്ചയോടെ പട്ടാമ്പി സ്കൂളിൽ സ്ക്രീനിങിന് എത്തുകയായിരുന്നു. പൊലീസെത്തി സ്ക്രീനിങ് ഇല്ലന്ന് അറിയിച്ചപ്പോൾ മുന്നൂറോളം ബിഹാർ സ്വദേശികൾ കാല്‍നടയാത്ര ആരംഭിക്കുകയായിരുന്നു. ഇവർ കൂട്ടത്തോടെ 10 കിലോമീറ്ററോളം നടന്നു. പിന്നീട് പൊലീസെത്തി ഇവരെ തടഞ്ഞു.
ഷൊർണൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പട്ടാമ്പി, ഷൊർണൂർ, കൊപ്പം എന്നിവിടങ്ങളിൽ നിന്നുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി ക്യാമ്പുകളിലേക്ക് തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടു. ഇവർ തിരിച്ചപോകാൻ തയ്യാറാവാതിരുന്നതോടെ പൊലീസ് ബലമായി ഇവരെ തിരിച്ചയാക്കാൻ ശ്രമം ആരംഭിച്ചു. തുടര്‍ന്ന് തൊഴിലാളികളും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നവരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് വാഹനങ്ങളില്‍ കയറ്റി ക്യാമ്പിലേക്ക് അയച്ചു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കെ തൊഴിലാളികളെ ലോറികളില്‍ കുത്തിനിറച്ചാണ് ക്യാമ്പിലേക്ക് തിരികെയെത്തിച്ചത്.