പാലക്കാട്: എല്ലാവർക്കും സൗജന്യ നിരക്കിൽ ഇന്‍റർനെറ്റ് എത്തിക്കാനുളള സംസ്ഥാന സർക്കാരിന്‍റെ കെ ഫോൺ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക്) പദ്ധതി വേഗത്തിലാക്കുന്നു. ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ ജൂൺ 22ന് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് സ്ഥാപിക്കൽ പൂർത്തിയാകുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ച്ചർ ലിമിറ്റഡ് അധികൃതർ അറിയിച്ചു.
ജില്ലയിൽ കെ ഫോണിന്‍റെ ഒന്നാഘട്ടം പൂർത്തിയായി. 306 സർക്കാർ സ്ഥാപനത്തിൽ കെ ഫോൺ സ്ഥാപിച്ച് ഇന്‍റർനെറ്റ് ഉപയോഗം ആരംഭിച്ചു. ചെറിയ നെറ്റ്‌വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും ഒരു മാസത്തിനകം പൂർണതോതിൽ പ്രവർത്തന ക്ഷമമാകും.
ജില്ലയിൽ ആകെ 2,108 സ്ഥാപനത്തിലാണ് കെ ഫോൺ സ്ഥാപിക്കേണ്ടത്. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറുകൾ സ്ഥാപിക്കുന്ന ജോലി 84 ശതമാനം പൂർത്തിയായി. 273 കിലോ മീറ്ററിൽ 228 കിലോമീറ്റർ പൂർത്തിയായി. കെഎസ്ഇബി തൂണുകളിലൂടെ കെ ഫോണിന്‍റെ ഒപ്‌റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്ന ജോലി 35 ശതമാനം പൂർത്തിയായി. 2,422 കിലോമീറ്ററിൽ 854 കിലോമീറ്റർ പൂർത്തിയായി.
തടസം നീക്കി; പദ്ധതി കുതിക്കുന്നു
മേൽപ്പാലങ്ങൾ, റെയിൽപ്പാളങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ വയറുകൾ വലിക്കാനുള്ള തടസം നീക്കിയതോടെയാണ് പദ്ധതി വേഗത്തിലായത്. കേരള സ്‌റ്റേറ്റ് ഐടി ഇൻഫ്രാസ്‌ട്രക്ച്ചർ ലിമിറ്റഡും കെഎസ്‌ഇബിയും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതിക്കാലുകളിലൂടെ വലിക്കുന്ന കേബിളുകളിൽ സ്‌ട്രീറ്റ് ബോക്‌സുകൾ (പോയിന്‍റ് ഓഫ് പ്രസൻസ്) ഘടിപ്പിച്ചാണ് കണക്‌ഷൻ നൽകുന്നത്. ജില്ലയിൽ 39 ബോക്‌സുകൾ സ്ഥാപിക്കേണ്ടവയിൽ 20 എണ്ണത്തിന്‍റെ ജോലികൾ പൂർത്തിയായി. ജില്ലയിലെ ആദ്യഘട്ടത്തിൽ മുന്നൂറിലധികം ഓഫീസിൽ കെ ഫോൺ നൽകാനായിരുന്നു പദ്ധതി.
നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്‍റർ കാക്കനാട്ട്
കാക്കനാട് ഇൻഫോ പാർക്കിലാണ് സംസ്ഥാനത്തെ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്‍റർ (എൻഒസി). ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാന കേന്ദ്രം (കോർ പോപ്) പറളിയിലാണ്.
ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണംപുള്ളി, വടക്കഞ്ചേരി, ചിറ്റടി എന്നീ ഉപകേന്ദ്രങ്ങൾ വഴിയാണ് കൂടുതൽ പ്രദേശത്തേക്ക് ആദ്യഘട്ടം കേബിൾ ശൃംഖല എത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും അക്ഷയ സെന്‍ററുകൾക്കും സ്‌കൂളുകൾക്കും കണക്‌ഷൻ നൽകാൻ സംവിധാനം ഒരുങ്ങി.
also read: 'ബാഡ് ടച്ച് എനിക്ക് തിരിച്ചറിയാം'; 9 വയസുകാരന്‍റെ മൊഴിയില്‍ പ്രതിക്ക് 5 വര്‍ഷം തടവ്
സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്‌സിഡി നിരക്കിലും ഇന്‍റർനെറ്റ് ലഭിക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക്.