പാലക്കാട്: ആൾമറയില്ലാത്ത കിണറ്റിൽ വീണ അഞ്ച് കാട്ടുപന്നികളെ പുറത്തെടുത്ത് വെടി വച്ച് കൊന്നു. കുത്തനൂർ കോതമംഗലം പള്ളിമുക്ക് ഭാഗത്തെ റിട്ട. പൊലീസ് മേധാവി വേലായുധന്‍റെ വീട്ടുപറമ്പിലെ കിണറ്റിലാണ് ചൊവ്വാഴ്‌ച രാവിലെ പന്നികളെ കണ്ടത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൃഥ്വിരാജ് മന്ദിരാടാണ് കാർഷികവിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എസ് രമേശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി ഗിരിജ, വാച്ചർ പി കെ വാസുദേവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.