പാലക്കാട്: പാലക്കാട് തെരുവത്ത് പള്ളിയിലെ ആണ്ടു നേർച്ചക്ക് എത്തിച്ച ആന തിരികെ മടങ്ങുംവഴി ചുങ്കമന്ദത്ത് വച്ച് വിരണ്ടോടി. ഒരു പാപ്പാൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. ആന ഓടുന്നതിനിടെ വാലിൽ തൂങ്ങി നിയന്ത്രിക്കാൻ ശ്രമിച്ച പാപ്പാനാണ് പരിക്കേറ്റത്. ആന വിരണ്ടതറിഞ്ഞ് പരിഭ്രാന്തരായി ഓടിയ രണ്ടുപേർക്കും വീണ് പരിക്കേറ്റു.
തിങ്കളാഴ്‌ച രാത്രി 9.45ഓടെ ചുങ്കമന്ദം ജങ്ഷനിലായിരുന്നു സംഭവം. നേർച്ചക്ക് തോലന്നൂർ ദേശം എത്തിച്ച മൂന്ന് ആനകളിൽ ഒന്നാണ് വിരണ്ടോടിയത്. മൂന്ന് ആനകളെയും ചുങ്കമന്ദം ജങ്ഷനിലേക്ക് കൊണ്ടു വരുമ്പോൾ പിന്നിലായി വന്ന ആന തിരിഞ്ഞ് ഓടുകയായിരുന്നു.
രണ്ട് ബൈക്കും ഒരു കാറും തകർത്ത ആന രണ്ട് കിലോമീറ്റർ അകലെ എത്തിയാണ് നിന്നത്. ആന വിരണ്ടതോടെ നേർച്ചക്ക് എത്തിയവരും പരിഭ്രാന്തരായി ചിതറിയോടി. ഈ സമയം ആനപ്പുറത്ത് ഒരാൾ ഉണ്ടായിരുന്നെങ്കിലും ചാടി രക്ഷപ്പെട്ടതിനാൽ ഇയാൾക്ക് പരിക്കേറ്റില്ല. ഒന്നരമണിക്കൂറിന് ശേഷം പാപ്പാന്മാർ ആനയെ തളച്ചു. പൊലീസിന്‍റെ നിർദേശപ്രകാരം ആനയെ തിരികെ അയച്ചു.
തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസിനുനേരെ കൈയേറ്റശ്രമവും ഉണ്ടായി. കോട്ടായി പൊലീസ് സ്‌റ്റേഷനിലെ ജീപ്പിന്‍റെ ചില്ല് ആളുകൾ എറിഞ്ഞുതകർത്തു. തുടർന്ന് ആലത്തൂർ ഡിവൈഎസ്‌പി കെ.എം ദേവസ്യയുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിൽനിന്ന് ഇരുനൂറോളം പൊലീസുകാർ എത്തിയാണ് ആളുകളെ നിയന്ത്രിച്ചത്.
Also read: തലസ്ഥാനത്ത് കൊവിഡ് ബാധിച്ച് നഴ്സ് മരിച്ചു; ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും രോഗം രൂക്ഷം