പാലക്കാട്: കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടുന്ന കീരിപ്പതി ഊര് നിവാസികളുടെ ദുരിതത്തിന് വിരാമം. അഗളി സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷന്‍റെ നേതൃത്വത്തില്‍ ഊരില്‍ കുഴല്‍ കിണർ സ്ഥാപിച്ചതോടെ ഇനി കുടിവെള്ളത്തിനായി ഊര് നിവാസികള്‍ക്ക് അലയേണ്ടി വരില്ല.
കുടിവെള്ള ക്ഷാമം രൂക്ഷം
അട്ടപ്പാടിയിലെ തന്നെ ഏറ്റവും വരണ്ട മേഖലകളിൽ ഒന്നാണ് ഷോളയൂർ പഞ്ചായത്തിലെ കീരിപ്പതി. മഴക്കാലത്ത് പോലും ഇവിടെ കുടിവെള്ളമെന്നത് കിട്ടാക്കനിയാണ്. ഊരിൽ നിന്നും മൂന്ന് കിലോമീറ്റർ കാട്ടിലൂടെ നടന്നാലാണ് ഒരു ചെറിയ നീരുറവ ഉള്ളത്. വേനൽക്കാലമായാൽ അതും നിലക്കും.
വന്യമൃഗശല്യം രൂക്ഷമായ വനത്തിലൂടെ കുത്തനെ ഉള്ള കയറ്റത്തിലൂടെ കുടിവെള്ളം ചുമന്ന് കൊണ്ട് വരുന്നത് വളരെയധികം ബുദ്ധിമുട്ട് സൃഷ്‌ടിച്ചിരുന്നു. മുപ്പതിൽ അധികം കുടുംബങ്ങളാണ് ഇപ്പോള്‍ ഊരിലുള്ളത്. കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ പലരും ഊര് ഉപേക്ഷിച്ച് പലായനം ചെയ്‌തു.
സഹായവുമായി സന്നദ്ധ സംഘടന
ഊര് നിവാസികളുടെ ദുരിതം വിവേകാനന്ദ മെഡിക്കൽ മിഷൻ്റെ നേതൃത്വത്തിൽ ഊരുകൾ കേന്ദ്രീകരിച്ച് വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന ഗ്രാമ സമിതിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇതിന് പരിഹാരമാകുന്നത്. അമേരിക്ക ആസ്ഥാനമായിട്ടുള്ള കെഎച്ച്എൻഎ എന്ന സാമൂഹിക-സാംസ്‌കാരിക സംഘടനയുടെ സഹായത്തോടെ ഓഗസ്റ്റ് മാസത്തിൽ കുഴല്‍കിണറിന്‍റെ പണി പൂർത്തീകരിച്ചു.
720 അടി ആഴത്തിൽ വെള്ളം ലഭിച്ചതോടെ വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടതിൻ്റെ സന്തോഷത്തിലാണ് ഊര് നിവാസികൾ.
Also read: കുടിവെള്ളം കാത്ത് വെള്ളനാട് നിവാസികൾ