പാലക്കാട്: കേന്ദ്രബജറ്റിൽ കേരളത്തെ അവഗണിച്ചുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ മാര്‍ച്ചിന്‍റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാർച്ച് നടത്തി. വിക്ടോറിയ കോളജ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് മുഖ്യ തപാല്‍ ഓഫീസിന് മുന്നിൽ സമാപിച്ചു. കേരളത്തിനുള്ള കേന്ദ്രവിഹിതം മുൻവർഷത്തേക്കാൾ വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന കേന്ദ്രത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രൻ അഭ്യർഥിച്ചു.
തൊഴിലുറപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികളുടെ കേന്ദ്രവിഹിതവും കുറച്ചു. ജിഎസ്‌ടി നഷ്ടപരിഹാരത്തുക, കടത്തിന്റെ പരിധി ഉയർത്തൽ, കേരളത്തിന് എയിംസ് തുടങ്ങിയ ആവശ്യങ്ങളോടും കേന്ദ്രം മുഖംതിരിച്ചു. ദേശീയപാത വികസനം വേഗത്തിലാക്കാനും നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിക്കും പരിഗണന നൽകിയില്ല. കേരളത്തോട് പകപോക്കൽ കാണിക്കുന്ന ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
പ്രവാസി ഇന്ത്യക്കാരിൽനിന്ന് ആദായനികുതി ഈടാക്കാനുള്ള നിർദേശവും കേരളത്തിന് തിരിച്ചടിയാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നടപടി പ്രഖ്യാപിക്കാത്ത ബജറ്റ് കോർപ്പറേറ്റുകൾക്ക് വാരിക്കോരി നൽകുകയും ചെയ്യുന്നു. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്നും മാർച്ച് ഉദ്‌ഘാടനം ചെയ്തു കൊണ്ട് സി.കെ രാജേന്ദ്രൻ പറഞ്ഞു