പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ സ്പെഷൽ പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി രാജേന്ദ്രനെ നിയമിക്കാന്‍ ധാരണയായി. നിയമന ഉത്തരവ് അടുത്ത ദിവസമുണ്ടാകും. പാലക്കാട്ടെ അഭിഭാഷകന്‍ രാജേഷ് എം മേനോനെ അഡീഷണല്‍ സ്പെഷൽ പ്രോസിക്യൂട്ടറായും നിയമിക്കും. ഇരുവരുടെയും നിയമനത്തിന് ഡയറക്‌ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) ശിപാര്‍ശ നൽകി.
മധുവിന്‍റെ വീട്ടുകാരും ആദിവാസി ആക്ഷന്‍ കൗണ്‍സിലും കൂടിയാലോചിച്ച് നല്‍കിയ പേരുകളില്‍ നിന്നാണ് നിയമനം നടത്തുന്നത്. വിചാരണ വൈകുന്നതും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഒഴിഞ്ഞതും പ്രതികള്‍ക്ക് ഡിജിറ്റല്‍ തെളിവുകളുടെ കോപ്പികള്‍ നൽകാന്‍ കാലതാമസമുണ്ടായതും വിവാദമായിരുന്നു.
നടപടികളില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഇതിനിടെ വിചാരണ വേഗത്തിലാക്കാന്‍ ഹൈക്കോടതി ഇടപെട്ടു. പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ എത്ര ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഹൈക്കോടതി ജില്ല കോടതിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണയുടെ പുരോഗതി സംബന്ധിച്ച് ആഴ്‌ച തോറും സ്പെഷല്‍ കോടതി റിപ്പോര്‍ട്ട് നൽകണം.
അട്ടപ്പാടി ഡിവൈഎസ്‌പി നൽകിയ കേസിന്‍റെ കുറ്റപത്രത്തില്‍ അപാകതയുണ്ടെന്ന വിലയിരുത്തലിൽ ജില്ല ക്രൈം ബ്രാഞ്ച് തുടരന്വേഷണം നടത്തി, 2020 ലാണ് അന്തിമ കുറ്റപത്രം മണ്ണാർക്കാട് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. 16 പ്രതികളും 122 സാക്ഷികളുമുണ്ട്.
പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ് പ്രതികളെ കുറ്റപതം വായിച്ചു കേള്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശേഷമാണു വിചാരണ ആരംഭിക്കുക. വിചാരണ നടപടികള്‍ കുറ്റമറ്റ രീതിയില്‍ വേഗത്തില്‍ പൂർത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ടി.എ ഷാജി പറഞ്ഞു.
Also read: സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം: മധുവിന്‍റെ സഹോദരി പരാതി നൽകി