പാലക്കാട് : എസ്‌ഡിപിഐ, ആർഎസ്‌എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ കൃത്യമായി ആസൂത്രണം ചെയ്‌താണ് നടത്തിയതെന്ന് എഡിജിപി വിജയ് സാഖറെ. കല്ലേക്കാട് കെഎപി ക്യാമ്പിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് കൊലപാതകത്തിലും കൃത്യമായ ഗൂഡാലോചനയുണ്ട്. ഗൂഢാലോചന നടത്തിയവരെയും അവരുടെ ലക്ഷ്യമെന്താണെന്നും പൊലീസ് കണ്ടെത്തും. കേസുകൾ അന്വേഷിക്കുന്നതിന് പൊലീസിന്‍റെ രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുബൈർ കേസിലെ പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചന ലഭിച്ചു. കുറച്ചുപേർ കസ്‌റ്റഡിയിലുണ്ട്. ചോദ്യം ചെയ്യലിനുശേഷം പ്രതികളാണെന്ന് ബോധ്യപ്പെട്ടാൽ അവരെ അറസ്‌റ്റ് ചെയ്യും.
ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതക കേസിൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ സംശയിക്കപ്പെടുന്നവരുടെ വിവരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആറ് പ്രതികളാണുള്ളത്. ഇവരെ കണ്ടെത്തുന്നതിന് നാല് ടീമിനെ നിയോഗിച്ചുവെന്നും പെട്ടെന്നുതന്നെ പ്രതികളെ കണ്ടെത്തി അറസ്‌റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം തടയുന്നതിൽ പൊലീസിന് വീഴ്‌ചയുണ്ടായതായി പറയാനാവില്ല, കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന കൊലപാതകങ്ങൾ മുൻകൂട്ടി തടയുക എന്നത് ബുദ്ധിമുട്ടാണെന്നും എഡിജിപി കൂട്ടിച്ചേർത്തു.