മലപ്പുറം : പ്രതിപക്ഷ വിമർശനം കൊണ്ട് അജ്ഞാത വാസം അവസാനിപ്പിക്കേണ്ടി വന്നതിലുള്ള അരിശമാണ് പി.വി അൻവറിന്‍റെ ആക്ഷേപങ്ങൾക്ക് പുറകിലെന്ന് വിഎസ് ജോയ്. പി വി അൻവറിന്‍റെ കുട്ടിക്കുരങ്ങൻ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പാർട്ടി മാറുന്ന മരം ചാടി കുരങ്ങന്‍റെ സ്വഭാവം അൻവറിനാണ് ചേരുന്നത്. സമൂഹ മധ്യത്തിൽ ഉടുതുണി നഷ്ടപ്പെട്ടവർ നാണം മറയ്ക്കാൻ നടത്തുന്ന വെപ്രാളമാണ് പി വി അൻവറിന്‍റെ ജൽപ്പനങ്ങള്‍. അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
സാമ്പത്തിക തട്ടിപ്പിന്‍റെ പേരിൽ തനിക്കെതിരെ നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അൻവർ കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നതെന്നും വിഎസ് ജോയ് കൂട്ടിച്ചേർത്തു.
ALSO READ : കെ.സി വേണുഗോപാല്‍ ബി.ജെ.പി ഏജന്‍റ്, വി.എസ് ജോയ് കുട്ടിക്കുരങ്ങന്‍ : പിവി അൻവർ
മന്ത്രിസ്ഥാനം കിട്ടിയാല്‍ മാത്രമേ ആഫ്രിക്കയില്‍ നിന്നും തിരികെ വരികയുള്ളൂവെന്ന ജോയിയുടെ വിമര്‍ശനത്തിനാണ് പി വി അൻവർ അതിരൂക്ഷഭാഷയില്‍ മറുപടി നല്‍കിയത്.
'നാടുകാണി ചുരം കയറി പോകുമ്പോള്‍ മൂന്ന് നാല് വളവ് കഴിഞ്ഞാല്‍ കുരങ്ങന്‍മാരെ കാണാം. അതില്‍ കുറേ കുട്ടിക്കുരങ്ങന്മാരെ കാണാം. അത്തരത്തില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതും പറയും അതിന്‍റെ അപ്പുറവും പറയും' എന്നായിരുന്നു അൻവറിന്‍റെ പരാമർശം.