മലപ്പുറം: ജെന്‍ഡർ ന്യൂട്രാലിറ്റി വിഷയത്തിൽ യുഡിഎഫിലെ ഭിന്നതകൾക്കിടെ മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയാണ് വി.ഡി സതീശന്‍ കൂടിക്കാഴ്‌ച നടത്തിയത്. ജെന്‍ഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്‌ലിം ലീഗുമായി ഭിന്നതയില്ലെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വി.ഡി സതീശന്‍ പ്രതികരിച്ചു.
ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ശ്രദ്ധ പാളുമെന്ന മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്‍റെ പ്രസ്‌താവന തള്ളി പ്രതിപക്ഷ നേതാവ് തള്ളി രംഗത്ത് വന്നതോടെയാണ് വിഷയത്തിൽ യുഡിഎഫിലെ ഭിന്നത മറ നീക്കി പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് വി.ഡി സതീശൻ പാണക്കാട് എത്തിയത്. സാദിഖ് അലി തങ്ങൾ, പി.കെ കുഞ്ഞാലികുട്ടി എന്നിവരുമായുള്ള സതീശന്‍റെ കൂടിക്കാഴ്‌ച കാൽ മണിക്കൂറോളം നീണ്ടു.
Read more: ആണും പെണ്ണും ഒരുമിച്ചിരുന്നാല്‍ അപകടം, ജെൻഡർ ന്യൂട്രാലിറ്റി ധാർമിക പ്രശ്നമെന്ന് മുസ്‌ലിംലീഗ്
ജെൻഡർ ന്യൂട്രാലിറ്റി വിഷയം ലീഗ് നേതാക്കളുമായി ചർച്ച ചെയ്തെന്നും വിഷയത്തിൽ മുസ്‌ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും കൂടിക്കാഴ്‌ചയ്ക്ക് ശേഷം വി.ഡി സതീശൻ വ്യക്തമാക്കി. പിഎംഎ സലാമിന്‍റെ പ്രസ്‌താവനയെ താൻ തള്ളിക്കളഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ശ്രദ്ധയോടെ പ്രതികരണങ്ങൾ നടത്തണമെന്നാണ് കൂടിക്കാഴ്‌ചയില്‍ പൊതുവെ ഉണ്ടായ വിലയിരുത്തൽ എന്നാണ് സൂചന.