മലപ്പുറം: 33 ലക്ഷം രൂപയുടെ കടബാധ്യതയിൽ ആറ് വർഷം മുൻപ് ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തുമ്പോള്‍ കൃഷിയിലൂടെ നല്ലൊരു ജീവിതമായിരുന്നു ചുങ്കത്തറ രാമംച്ചം പാടത്തെ ഷിഹാബുദ്ദീന്‍റെ മനസ് നിറയെ. സ്വന്തമായുള്ള ഒരേക്കർ 66 സെന്‍റ് സ്ഥലം കൂടാതെ 15 ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്തും കൃഷിയിലേക്ക് ഇറങ്ങി. 2018ലെ ആദ്യ പ്രളയത്തിൽ ചുങ്കത്തറ മലബാർ പൊട്ടിയിലെ കൃഷിയിടത്തിലാണ് വെള്ളം കയറി നശിച്ചത്.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും കൃഷിയിലൂടെ തന്നെ അത് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ പൂക്കോട്ടുമണ്ണ രാമച്ചംപാടത്ത് സമ്മിശ്ര കൃഷി തുടങ്ങി. സംസ്ഥാന സർക്കാറിന്‍റെ 2018-19 വർഷത്തെ മികച്ച സമ്മിശ കൃഷിക്കുള്ള കർഷക അവാർഡിന് പരിഗണിക്കവെയാണ് ചാലിയാറിലൂടെ ഒഴുകിയെത്തിയ മലവെള്ളപാച്ചിലിൽ ഫാം ഉൾപ്പെടെ നശിച്ചത്. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. കൃഷി വകുപ്പ് 15 ലക്ഷം രൂപ നഷ്‌ടപരിഹാരം ശുപാർശ ചെയ്‌തെങ്കിലും ഷിഹാബുദ്ദിന് കൈയിൽ കിട്ടിയത് മൂന്നരലക്ഷം രൂപ മാത്രം. 1000 കാട, 820 നാടൻ കോഴികൾ, 900 മുട്ട കോഴികൾ, 3000 മീൻ കുഞ്ഞുങ്ങൾ, ടർക്കി കോഴികൾ ഉൾപ്പെടെ ചത്തു. ഫാമും പൂര്‍ണമായി നശിച്ചിരുന്നു.
രണ്ട് പ്രളയങ്ങളിലുമായുണ്ടായ നഷ്ടം നികത്താനും ബാങ്ക് വായ്പകൾ തിരിച്ചടക്കാനും ലക്ഷ്യമിട്ട്, പോത്ത്, ആട്. ഫാമുകൾ ഉൾപ്പെടെ വീണ്ടും തുടങ്ങി, ചുങ്കത്തറ അർബൻ ബാങ്ക് അഞ്ച് ലക്ഷം രൂപ ഫാം നിർമാണത്തിന് അനുവദിച്ചു. എന്നാല്‍ ഇത്തവണവും പ്രളയം ചതിച്ചു. ഫാമിൽ ഉണ്ടായിരുന്ന 15 പോത്തുകളും, ഒരു എരുമയും, 20 ആടുകളും നഷ്‌ടമായി. 10 ചാക്ക് ജൈവവളവും, 50 റോൾ വൈക്കോലും പ്രളയം കൊണ്ടുപോയി.വിവിധ ബാങ്കുകളിലായി ഷിഹാബുദ്ദീന്‍റെയും ഭാര്യയുടെയും പേരിൽ എടുത്ത കടങ്ങൾ എങ്ങനെ തിരിച്ചടക്കും എന്ന ചോദ്യത്തിന് കൃഷിയെ സ്നേഹിച്ച ഈ പ്രവാസി മലയാളിക്ക് മറുപടി പറയാൻ കഴിയുന്നില്ല.