മലപ്പുറം: കരിപ്പൂര്‍ ദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ മാറ്റിത്തുടങ്ങി. എയര്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രത്യേകം രൂപരേഖ തയാറാക്കിയാണ് അപകടം നടന്ന സ്ഥലത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത്. അപകടത്തില്‍ തകര്‍ന്ന് വേറിട്ട നിലയിലായ വിമാനത്തിന്‍റെ മുന്‍വശമാണ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റിയത്. വിമാനത്തിന്‍റെ ഓരോ ഭാഗങ്ങളും അഴിച്ചെടുത്തും മുറിച്ചെടുത്തും കൊണ്ടുവരുമ്പോള്‍ വയ്‌ക്കേണ്ട സ്ഥലവും ഉദ്യോഗസ്ഥര്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു. ചക്രങ്ങളില്ലാതെ തന്നെ ഒരു വിമാന ആകൃതിയിലാണ് ഇവ സൂക്ഷിക്കുക. തകര്‍ന്ന വിമാനത്തിന്‍റെ ഒരു ഭാഗങ്ങളും ഇനി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.
രാമനാട്ടുകരയിൽ നിന്നും മറ്റുമുള്ള ഖലാസികൾ ആണ് ക്രെയിൻ ഉപയോഗിച്ച് വിമാന അവശിഷ്ടങ്ങൾ മാറ്റുന്നത്. വിമാന ഭാഗങ്ങൾ മാറ്റുന്നതിന് മുമ്പ് പന്ത്രണ്ടോളം അന്വേഷണ ഏജൻസികളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. തകർന്നുകിടക്കുന്ന ഭാഗങ്ങളെല്ലാം പ്രത്യേകം അടയാളപ്പെടുത്തിയ ശേഷമാണ് ഭാഗങ്ങൾ കൊണ്ടുപോകുന്നത്. വിമാന ഭാഗങ്ങൾ പൂർണമായും മാറ്റി ഇടുന്നതിന് പത്ത് ദിവസത്തെ സമയമാണ് കരാർ ഏജൻസിക്ക് നൽകിയിരുന്നത്. അതേ സമയം പരിശോധനകള്‍ക്കും, തുടരന്വേഷണത്തിനുമായി രണ്ട് വര്‍ഷം വരെ വിമാനം കരിപ്പൂരില്‍ തന്നെ സൂക്ഷിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റ് ഏഴിനാണ് 190 യാത്രക്കാരുമായി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റൺവേയിൽ നിന്നും മുന്നോട്ടുനീങ്ങി 60 അടി താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 20 പേർക്കാണ് ജീവൻ നഷ്ടമായത്.