മലപ്പുറം: പൊന്നാനി ചാണ റോഡിൽ നിന്നും എംഎൽഎ റോഡിലേക്കുള്ള വഴിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കണ്ടൽ കാടുകള്‍ വ്യാപകമായി വെട്ടിനിരത്തിയെന്ന് പരാതി. കണ്ടലുകള്‍ വെട്ടിനിരത്തി പ്രദേശം മണ്ണിട്ട് നികത്താനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ അരയേക്കറോളം സ്ഥലത്തെ കണ്ടൽകാടുകളാണ് കഴിഞ്ഞ ദിവസം വെട്ടിനശിപ്പിച്ചത്. പ്രദേശത്തെ ശുദ്ധജല സംഭരണി കൂടിയാണ് വെട്ടിനശിപ്പിച്ച കണ്ടല്‍ കാടുകള്‍.
പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനിടെയാണ് പൊന്നാനിയില്‍ കണ്ടൽ കാടുകൾ വ്യാപകമായി വെട്ടിനിരത്തിയത്. കണ്ടൽ കാട് സംരക്ഷണത്തിന് പദ്ധതി ആവിഷ്ക്കരിച്ച നഗരസഭ, വ്യാപകമായി കണ്ടലുകൾ വെട്ടിനിരത്തിയപ്പോൾ മൗനം പാലിക്കുന്നുവെന്നും ആക്ഷേപമുണ്ട്. നേരത്തെ കല്ലിക്കട സബ്സ്റ്റേഷന് സമീപത്തെ കണ്ടൽകാടും, പൊന്നാനി ലൈറ്റ്ഹൗസിന് സമീപത്തെ കണ്ടൽകാടും വെട്ടി നശിപ്പിച്ചിരുന്നു. ഇവക്കൊപ്പം മുമ്പ് എംഎൽഎ റോഡിലെ കണ്ടൽ കാടുകള്‍ വെട്ടിയിരുന്നെങ്കിലും ഇവ വീണ്ടും തഴച്ചുവളരുകയായിരുന്നു.