മലപ്പുറം: നിലമ്പൂരില്‍ നിർധനരായ ആറ് കുടുംബങ്ങള്‍ക്ക് വീടൊരുക്കി നൽകുകയാണ് റ്റിഎഫ്ഇ വാട്‌സാപ്പ് കൂട്ടായ്മ. മൂത്തേടം പഞ്ചായത്തിലെ നാരങ്ങ മൂലയിൽ സൗജന്യമായി ലഭിച്ച 36 സെന്റ് സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. വീടുകളുടെ തറക്കല്ലിടൽ കർമ്മം മലപ്പുറം ജില്ലാ കലക്ടര്‍ ജാഫർ മാലിക് നിർവഹിച്ചു, റ്റിഡിഎഫ് വാട്ട്സാപ്പ് കൂട്ടായ്മയുടെ മാത്യകാപരമായ ഈ പ്രവൃത്തി സമൂഹത്തിന് പ്രചോദനമാക്കുമെന്നും സ്ഥലം സൗജന്യമായി നൽകിയ ഹംസയെ പ്രത്യേകം അഭിനന്ദിക്കുന്നതായും കലക്ടർ പറഞ്ഞു.
ജില്ലയിലെ കോട്ടക്കൽ, തിരൂർ, പൊന്നാനി പ്രദേശങ്ങളിൽ നിന്നുൾപ്പെടെ 180 അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്. ആറ് ലക്ഷം രൂപയാണ് ഒരു വീടിന്‍റെ നിർമാണ ചെലവ്. 2020 മെയ് മാസത്തിന് മുൻപായി വീട് നിർമാണം പൂർത്തീകരിക്കും. വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചർ വാങ്ങാൻ ഒരോ കുടുംബത്തിനും 5000 രൂപ വീതം നൽകും. ഒരു വാട്ട്സാപ്പ് കൂട്ടായ്മ ആദ്യമായാണ് ഇത്രയേറെ വീടുകൾ നിർമിച്ച് നൽകുന്നത്. പ്രളയ സമയത്തും സഹായവുമായി റ്റിഡിഎഫ് സജീവമായി നിലമ്പൂർ മേഖലയിൽ പ്രവർത്തിച്ചിരുന്നു. തറക്കല്ലിടൽ കർമ്മത്തിൽ പങ്കാളികളാക്കാൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി എത്തിയിരുന്നു.
കൂട്ടായ്മയുടെ അഡ്മിനായ ഫസൽ ബഫഖി തങ്ങൾ ചടങ്ങിന് അധ്യക്ഷത വഹിച്ചു. നിലമ്പൂർ സി.ഐ സുനിൽ പുളിക്കലും കൂട്ടായ്മ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.