മലപ്പുറം: കൊവിഡ് പ്രതിസന്ധിയിലും വനം ഡിപ്പോകളിൽ തേക്ക് ലേലങ്ങൾ സജീവമാക്കി അധികൃതർ. അടുത്ത ലേലം ജൂലൈ 30ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാലക്കാട് ഡിവിഷന് കീഴിൽ വാളയാർ, നിലമ്പൂർ അരുവാക്കോട്, കരുളായി നെടുങ്കയം ഡിപ്പോകളിലായി മാസത്തിൽ 10 ലേലങ്ങളാണ് നടത്തുന്നത്. തേക്ക് ലേലങ്ങളിലും കൊവിഡ് പ്രതിസന്ധി പ്രതിഫലിച്ചതോടെ കുറഞ്ഞ അളവിൽ മാത്രമാണ് തടികൾ ഒരുക്കുന്നത്. നിലമ്പൂർ അരുവാക്കോട് ഡിപ്പോയിൽ തേക്ക് തടികൾ ഉൾപ്പെടെ 125 ഘന മീറ്റര്‍ മരങ്ങളാണ് ലേലത്തിനുണ്ടാകുക. മുന്‍ ലേലങ്ങളിൽ വിൽക്കാൻ കഴിയാത്തതും, പുതിയ മരങ്ങളും ഇതിൽ ഉൾപ്പെടും. കഴിഞ്ഞ 14-ന് നടന്ന ലേലത്തിൽ 69 ഘനമീറ്റര്‍ മരം ലേലത്തിൽ വച്ചിരുന്നെങ്കിലും 10 ശതമാനം പോലും വിൽക്കാനായില്ല. വെറും അഞ്ച് ഘനമീറ്റർ മരങ്ങൾ മാത്രമാണ് ലേലത്തിൽ പോയത്.
പ്രമുഖ വ്യാപാരികൾ ഉൾപ്പെടെയുള്ളവര്‍ ലേലത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്. മുൻ ലേലങ്ങളിൽ വിളിച്ചെടുത്ത തടികൾ വില്‍ക്കാൻ കഴിയാത്തതാണ് വ്യാപാരികളിൽ പലരും ലേലത്തിൽ നിന്നും വിട്ടു നിൽക്കാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിൽ ലേലത്തിൽ ലഭിക്കുന്ന പണം സർക്കാർ ഖജനാവിന് മുതൽകൂട്ടാകുമെന്ന കണക്കുകൂട്ടലിലാണ് പ്രതിസന്ധിയിലും വനം വകുപ്പ് ലേലങ്ങൾ നടത്തി മുന്നോട്ട് പോകുന്നത്. നിലവില്‍ കെട്ടിക്കിടക്കുന്ന തടികളുടെ വിൽപന പൂർത്തികരിച്ച ശേഷം ഒക്ടോബർ മാസതോടെ പുതിയ തടികൾ മാത്രം വച്ച് ലേലം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ലോക്ക് ഡൗണ്‍ കാലത്ത് ഏപ്രിൽ, മെയ് മാസങ്ങളിൽ ഡിപ്പോകളിൽ ലേലം നടന്നിരുന്നില്ല. മെയ് അവസാനവാരം പുന:രാരംഭിച്ചെങ്കിലും ലേലത്തില്‍ പങ്കെടുക്കാൻ കാര്യമായി ആളുകളെത്തിയിരുന്നില്ല. അതേസമയം നിലമ്പൂർ നഗരസഭ കണ്ടെയ്‌ൻമെന്‍റ് സോണാക്കിയത് 30 ന് മുൻപ് പിൻവലിച്ചില്ലെങ്കിൽ തേക്ക് ലേലം നടക്കുമോ എന്ന ആശങ്കയും നിലനിൽക്കുകയാണ്.