മലപ്പുറം : പൊലീസ് സ്റ്റേഷൻ വളപ്പിലെ മരത്തിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. എടക്കര പൊലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥരെ യുവാവ് ഒരു മണിക്കൂര്‍ മുൾമുനയിൽ നിർത്തിയത്. സ്ഥിരമായി ആക്രമിക്കുന്നെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ ഭാര്യയും മക്കളും വണ്ടൂർ പോലീസിൽ പരാതി നൽകിയിരുന്നു.
വണ്ടൂർ സ്വദേശി സമീർ പുളിക്കലാണ് എടക്കര പട്ടണത്തിന് നടുവിൽ നാട്ടുകാരെയും അധികൃതരെയും ഒരു മണിക്കൂറോളം ആശങ്കയുടെ കൊടുമുടിയിലെത്തിച്ചത്. സി.ഐയുടെ നിർദേശപ്രകാരം ഫയർഫോഴ്‌സ് സ്ഥലത്തെത്തി. എന്നാൽ ഈ സമയം പ്രദേശത്തെ വാർഡംഗം ലിസി സംസാരിച്ചതിനെ തുടർന്ന് യുവാവ് സ്വമേധയാ മരത്തിൽ നിന്ന് താഴെയിറങ്ങി.
പൊലീസ് പറയുന്നതിങ്ങനെ
കഴിഞ്ഞ ദിവസം സമീർ പുളിക്കലിന്‍റെ ഭാര്യ വണ്ടൂർ പൊലീസിൽ പരാതി നൽകി. സ്ഥിരമായി ആക്രമിക്കുന്നെന്ന് കാണിച്ചായിരുന്നു പരാതി. ഇതിൽ പ്രകോപിതനായ സമീർ എടക്കരയിലേക്ക് വണ്ടി കയറി. തുടർന്ന് കാക്കപ്പരതയിൽ എത്തി കയ്യിൽ കരുതിയ കമ്പിവടിയുമായി പ്രകോപനം സൃഷ്‌ടിച്ചു. ഇതോടെ നാട്ടുകാർ അറിയിച്ച പ്രകാരം എടക്കര സിഐയും സംഘവും സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
എടക്കര സ്റ്റേഷനിലെത്തിയതോടെ പൊലീസുകാരെ കബളിപ്പിച്ച് ഇയാൾ കുതറി മാറി. ഉദ്യോഗസ്ഥര്‍ പിന്തുടർന്നെങ്കിലും സ്റ്റേഷൻ കോമ്പൗണ്ടിലെ മഹാഗണി മരത്തിൽ കയറിപ്പറ്റി. തുടർന്നാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.
ALSO READ: Rena Fathima: നീന്തി വാ മക്കളെ; കൗതുകമായി റെന ഫാത്തിമ