മലപ്പുറം: എസ്.സി വിദ്യാര്‍ഥിയെ വിനോദയാത്രയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിനും പട്ടികജാതി പട്ടികവകുപ്പ് മന്ത്രി എ.കെ ബാലനും പരാതി നല്‍കി. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ഥിയുടെ മാതാവ് നിലമ്പൂര്‍ പൊലീസില്‍ നേരത്തേ പരാതി നല്‍കിയിരുന്നു.
ഈ മാസം 20, 21 തീയതികളിലായിരുന്നു എരഞ്ഞിമങ്ങാട് ഗവ:ഹയർ സെക്കന്‍ററി സ്‌കൂളിൽ നിന്ന് വിനോദയാത്ര പോകാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിനോദയാത്രയില്‍ എസ്.സി വിദ്യാർഥിയെ പങ്കെടുപ്പിക്കാത്തത് പ്രശ്നത്തിനിടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ പ്രത്യേക അറിയിപ്പ് കൂടാതെ യാത്ര മാറ്റി വെക്കുകയായിരുന്നു.
വിനോദയാത്ര മാറ്റിവെച്ചതോടെ വിദ്യാർഥികളില്‍ നിന്ന് അഡ്വാന്‍സായി വാങ്ങിയ 500 രൂപ സ്‌കൂള്‍ അധികൃതര്‍ തിരികെ നല്‍കി. ഇതിനിടെ മാനുഷിക പരിഗണന നല്‍കി വിദ്യാര്‍ഥിയെ വിനോദയാത്ര സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടെടുത്ത എസ്.എം.സി ചെയര്‍മാനെ നീക്കം ചെയ്യുന്നതിനായി സ്‌കൂള്‍ പ്രിന്‍സിപ്പാളും പി.ടി.എ പ്രസിഡന്‍റും രക്ഷിതാക്കളുടെ പിന്തുണ തേടിയത് വിവാദമായിട്ടുണ്ട് . വയനാട്ടിലെ ബത്തേരി ഗവ: സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്‌കൂളിൽ നടന്നതു പോലെയുള്ള ധിക്കാരപരമായ നടപടികളാണ് മലപ്പുറം ജില്ലയിലെ എരഞ്ഞിമങ്ങാട് ഗവ.ഹയർ സെക്കന്‍ററി സ്‌കൂളിലും നടക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.