മലപ്പുറം: അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ചു വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇമ്രാന്‍ വേദനകളില്ലാത്ത ലോകത്തേക് യാത്രയായി. 18 കോടിയുടെ മരുന്നിന് കാത്തുനില്‍ക്കാതെയാണ് കുഞ്ഞ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്. മൂന്ന് മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അങ്ങാടിപ്പുറം വലമ്പൂര്‍ ഏറാന്തോട് ആരിഫിന്‍റെ മകനാണ്. ചികിത്സക്ക് പണം സ്വരൂപ്പിച്ച് കൊണ്ടിരിക്കെയാണ് ഇമ്രാൻ മരണമടഞ്ഞത്. 18 കോടി രൂപ വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.50 കോടിയോളം രൂപ സമാഹരിച്ചിരുന്നു. സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി(SMA) എന്ന പേശികള്‍ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു കുഞ്ഞ്.
ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയതിനെ തുടര്‍ന്ന് ഇമ്രാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. നേരത്തെ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു. കുട്ടിയുടെ അച്ഛനും പെരിന്തല്‍മണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹര്‍ജി നല്‍കിയത്.
18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവന്‍ രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നല്‍കാനാകുമോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Also Read: ഡെൽറ്റ വകഭേദം വായുവിലൂടെ: തെലങ്കാനയിൽ ജാഗ്രതാ നിർദേശം