മലപ്പുറം : നാടിന്‍റെ കനിവിനായി വീണ്ടുമൊരു കുരുന്നിന്‍റെ ഇളംകൈകള്‍ നീളുന്നു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ആരിഫിന്‍റെ മകൻ ഇമ്രാനാണ് ചികിത്സയ്ക്കായി സന്‍മനസ്സുള്ളവരുടെ പിന്തുണ തേടുന്നത്. ആറ് മാസം മാത്രം പ്രായമുള്ള ഇമ്രാനും മസ്കുലർ അട്രോഫി ബാധിതനാണ്. ഒരു ഡോസ് മരുന്നിന് ഈ പിഞ്ചോമനയ്ക്കും 18 കോടി രൂപ വേണം.
ഇതേ രോഗാവസ്ഥയില്‍ ദുരിതത്തിലായ കണ്ണൂർ മാട്ടൂലിലെ ആറുമാസം പ്രായമുള്ള മുഹമ്മദിന് വേണ്ടി ദിവസങ്ങള്‍ക്കൊണ്ട് 18 കോടി സമാഹരിച്ചാണ് മലയാളി സമൂഹം ഒത്തൊരുമയുടെ കരുത്തുകാട്ടിയത്. സമാന ഇടപെടല്‍ ഇമ്രാനുവേണ്ടിയും വേണം.
മൂന്നു മാസമായി വേദന സഹിച്ച് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ അനങ്ങാൻ പോലുമാകാതെ വെന്‍റിലേറ്ററിലാണ് ഇമ്രാന്‍. ലോകത്തെ ഏറ്റവും വിലകൂടിയ ജീവൻരക്ഷാ മരുന്നായ സോള്‍ജെൻസ്‌മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ പൈതലും.
also read: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി
രോഗം സങ്കീർണമാകുന്നത് ഇമ്രാന്‍റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. ഇമ്രാനും ചേര്‍ത്തുപിടിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം. കടുത്ത രോഗാവസ്ഥയുമായി പിറന്നുവീണ ഇമ്രാന് നല്ല ലോകം സമ്മാനിക്കാന്‍, ആ കുടുംബത്തിന് പുഞ്ചിരി തിരികെ നല്‍കാന്‍ കൈകോര്‍ക്കാം. ഫോണ്‍: 8075393563.