എറണാകുളം: മലപ്പുറം ജില്ലയിൽ ജനസംഖ്യാനുപാതികമായി വാക്സിനേഷന് സൗകര്യം ഒരുക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു. പാർട്ടിക്ക് വേണ്ടി ജില്ലാ സെക്രട്ടറി അഡ്വ. കെ സി നസീറാണ് ഹർജി സമർപ്പിച്ചത്.
12 ലക്ഷം ജനങ്ങളുള്ള പത്തനംതിട്ടയിൽ 42% ആളുകൾക്കും വാക്സിൻ കിട്ടിയപ്പോൾ 48 ലക്ഷം ജനങ്ങൾ വസിക്കുന്ന മലപ്പുറം ജില്ലയിൽ വെറും 16% ആളുകൾക്കേ സർക്കാർ വാക്സിൻ നൽകിയിട്ടുള്ളൂ. കേരള ജനസംഖ്യയുടെ 12.97% മലപ്പുറം ജില്ലയിലാണ്. എന്നാൽ ആകെ വിതരണം ചെയ്ത വാക്സിന്‍റെ 7.58% മാത്രമാണ് മലപ്പുറം ജില്ലക്ക് നൽകിയതെന്നും ഹർജിയിൽ പറയുന്നു.
ALSO READ: പുല്‍വാമ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മേജർ ധൗണ്ടിയാലിന്‍റെ ഭാര്യ ഇന്ത്യൻ സൈന്യത്തില്‍
ജില്ലാ അടിസ്ഥാനത്തിലാണ് സർക്കാർ അടിസ്ഥാന സൗകര്യം ഒരുക്കുന്നത്. അതായത് പത്തനംതിട്ടക്കും വയനാടിനും ഇടുക്കിക്കും ആലപ്പുഴക്കും കിട്ടുന്നതേ മലപ്പുറത്തിനും ലഭിക്കുന്നുള്ളു. 12 ലക്ഷം ജനങ്ങളുള്ള പത്തനംതിട്ടക്ക് നൽകുന്ന അതേ അളവിൽ 48 ലക്ഷം ജനങ്ങളുള്ള മലപ്പുറത്തിന് വാക്സിൻ നൽകുന്നത് അങ്ങേയറ്റം അനീതിയാണ്. മലപ്പുറം ജില്ലയുടെ ആരോഗ്യ- വിദ്യാഭ്യാസ-വ്യവസായ രംഗത്തെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാനുപാതികമായി സംസ്ഥാന സർക്കാർ ജില്ലകൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കാത്തത് കൊണ്ടാണ്. കൊവിഡ് പോലുള്ള മഹാമാരിയെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ പൊലീസിനെ രോഗവ്യാപനം കുറക്കാൻ ഏൽപ്പിക്കുന്നതിൽ അർഥമില്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവണമെന്നും ഹർജിയിൽ പറയുന്നു.