മലപ്പുറം: കനത്ത മഴയിൽ തകർന്ന റോഡുകൾ ബുദ്ധിമുട്ട് സൃഷ്‌ടിക്കുമ്പോൾ വേറിട്ട പ്രതിഷേധവുമായി യുവാവ്. പാണ്ടിക്കാട് ഒടോമ്പറ്റ സ്വദേശി ഹംസ പോർളിയാണ് (35) റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്ന വെള്ളത്തില്‍ കുളിച്ചും, വസ്ത്രം അലക്കിയും പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിഷേധം നടക്കുന്നതിനിടെ അതുവഴിയെത്തിയ അഡ്വ. യു.എ ലത്തീഫ് എം.എൽ.എയും പ്രതിഷേധം നേരിൽ കണ്ടു. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് എംഎൽഎയുടെ മറുപടി.
പാണ്ടിക്കാട് ടൗണുമായി ബന്ധപ്പെടുന്ന മഞ്ചേരി റോഡ് ഒഴികെയുള്ള പാതകളിലൂടെയുള്ള യാത്ര തീർത്തും ദുരിത പൂർണമാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. അതിനിടെയാണ് വ്യത്യസ്‌ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഹംസ വീണ്ടും രംഗത്തിറങ്ങിയത്. അസർ മുഹമ്മദ്, നസീം ഒടോമ്പറ്റ, ഷിനോജ് പരിയാരത്ത്, ഫർഹാൻ കുറ്റിപ്പുളി എന്നിവരും പ്രതിഷേധത്തിന്‍റെ ഭാഗമായി.