മലപ്പുറം: പെരിന്തൽമണ്ണ നഗരസഭയിലെ രജത ജൂബിലി മിഷൻ പദ്ധതിയിലുൾപ്പെടുത്തി ലൈഫ് - പിഎംഎവൈ പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ പട്ടികജാതി വിഭാഗക്കാർക്കായുള്ള 210 സ്നേഹഭവനങ്ങൾ കൈമാറി. 2019 ജനുവരി മാസം നിർമാണം ആരംഭിച്ച ആദ്യ ബാച്ചിലെ 210 വീടുകളാണ് കൈമാറിയത്. 23 വാർഡുകളിലായാണ് 210 ഭവനങ്ങൾ പൂർത്തിയായിട്ടുള്ളത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് പദ്ധതിയുടെ താക്കോൽദാനം നിർവഹിച്ചത്. പദ്ധതിയിൽ ഏറ്റവും കൂടുതൽ വീടുകളായ 27 എണ്ണം നിർമിച്ച ആറാം വാർഡിലെ കാരയിൽ കോളനിയിൽ പദ്ധതിയുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലിം നിർവഹിച്ചു.
എസ്.സി കോളനികളുടെ സമ്പൂർണ നവീകരണം ലക്ഷ്യം വച്ചാണ് പദ്ധതി ആവിഷ്ക്കരിച്ചത്. പദ്ധതി നടപ്പാക്കുന്നതിനായി നടത്തിയ സർവെ പ്രകാരം നഗരസഭയിലെ ജനസംഖ്യയിൽ 10 ശതമാനം വരുന്ന എസ്‌സി വിഭാഗത്തിന്‍റെ 1052 ഭവനങ്ങളിൽ 486 കുടുംബങ്ങൾ തീർത്തും വാസയോഗ്യമല്ലാത്ത ഭവനമുള്ളവരും 67 കുടുംബങ്ങൾ സ്ഥലമുള്ള വീടില്ലാത്തവരും 82 കുടുംബങ്ങൾ സ്ഥലവും വീടും ഇല്ലാത്തവരുമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരിൽ വീടും സ്ഥലവുമില്ലാത്ത 82 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിൽ നഗരസഭ നിർമിക്കുന്ന ഭവന സമുച്ചയത്തിലെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തു. വാസയോഗ്യമല്ലാത്ത വീടുള്ള 486 കുടുംബംങ്ങളും സ്ഥലമുണ്ടെങ്കിലും വീടില്ലാത്ത 67 കുടുംബങ്ങളും ഉൾപ്പെട്ട 553 പേർക്കാണ് സ്നേഹഭവനം പദ്ധതിയിൽ വീടുയരുന്നത്. ഇതിന്‍റെ ഒന്നാം ഘട്ടത്തിൽ നിർമാണം ആരംഭിച്ച 210 വീടുകളാണിപ്പോൾ പൂർത്തീകരിച്ചത്. രണ്ടാം ഘട്ടം നിർമാണം ആരംഭിച്ച 200 വീടുകൾ ഓഗസ്റ്റിലും മൂന്നാം ഘട്ടം ആരംഭിച്ച ബാക്കിയുള്ള 157 വീടുകൾ സെപ്‌റ്റംബറിലും പൂർത്തീകരിച്ച് കൈമാറും.