മലപ്പുറം: ഒരു ചായ കുടിക്കാൻ 25 കിലോമീറ്ററോളം കറങ്ങിയ യുവാക്കൾക്ക് ഒടുവിൽ പൊലീസിന്‍റെ വക ഫ്രീ ചായ. തിങ്കളാഴ്‌ച രാത്രി ഒരു മണിക്ക് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ ആഞ്ഞിലങ്ങാടിയിൽ നിന്ന് രണ്ട് ബൈക്കിലും ഒരു കാറിലുമായി പെരിന്തൽമണ്ണ നഗരത്തിൽ എത്തിയ ആറംഗ സംഘത്തിനാണ് പൊലീസ് മറക്കാനാവാത്ത മധുരച്ചായ നൽകിയത്.
നഗരത്തിൽ രാത്രി കറങ്ങി നടക്കവേ ഇവർ ചെന്ന് പെട്ടത് നൈറ്റ് പട്രോളിംഗിനിറങ്ങിയ പെരിന്തൽമണ്ണ എസ്.ഐ സി.കെ നൗഷാദിന്‍റെയും സംഘത്തിന്‍റെയും മുന്നിൽ. എസ്.ഐ യുവാക്കളോട് കാര്യങ്ങൾ തിരക്കിയപ്പോൾ ചായ കുടിക്കാനിറങ്ങിയതാണെന്ന് മറുപടി.
തുടർന്ന് യുവാക്കളെ ഒപ്പം കൂട്ടി എസ്.ഐയും സംഘവും പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന് ഇവർക്ക് ചായയുണ്ടാക്കി നൽകുകയായിരുന്നു. യുവാക്കളുടെ വീടുകളിലേക്ക് ബന്ധപെട്ടപ്പോൾ മേലാറ്റൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാർ അറിയിച്ചത്.
എന്നാൽ ഇവർ സുരക്ഷിതരായി പെരിന്തൽമണ്ണ സ്റ്റേഷനിൽ നിന്ന് ചായ കുടിക്കുകയാണെന്നും ഇവർ രാവിലെ വീട്ടിലെത്തുമെന്നും പൊലീസ് അറിയിച്ചു. ചായക്കൊപ്പം ഒരു പിടി ഉപദേശങ്ങളും നൽകിയാണ് പെരിന്തൽമണ്ണ എസ്.ഐ നൗഷാദ് യുവാക്കളെ വീടുകളിലേക്ക് പറഞ്ഞയച്ചത്.
ALSO READ: പാകമാകുന്നതു വരെ നാല് നിറങ്ങൾ, രുചിയും വ്യത്യസ്‌തം.. സ്വർഗത്തിലെ കനി പുത്തനത്താണിയില്‍