മലപ്പുറം: തിരുവനന്തപുരത്ത് യുവാവിന്‍റെ മരണത്തിന് കാരണം പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടർന്നുണ്ടായ മനോവിഷമമാണെന്ന് ആരോപിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍. പിഎസ്‌സി ചെയർമാന്‍റെ മലപ്പുറത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ്, എംഎസ്‌എഫ്, യുവമോർച്ച പ്രവർത്തകരാണ് മാർച്ചുമായത്തിയത്. എം.കെ സക്കീറിന്‍റെ മലപ്പുറം പൊന്നാനിയിലെ വസതിയിലേക്ക് പിഎസ്‌സിക്ക് ആദരാഞ്ജലി അർപ്പിച്ച് റീത്തുമായാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രവർത്തകരെ പൊലീസ് തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി.
എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മറ്റി മാര്‍ച്ച് സംഘടിപ്പിക്കുകയും പിഎസ്‌സി ചെയര്‍മാന്‍റെ കോലം കത്തിക്കുകയും ചെയ്തു. യുവമോർച്ച പ്രവർത്തകരും സമരവുമായെത്തി. പിഎസ്‌സി എക്സൈസ് റാങ്ക് ലിസ്റ്റില്‍ 77-ാം സ്ഥാനത്തുള്ള ഉദ്യോഗാര്‍ഥിയായിരുന്ന അനുവിനെ ഇന്ന് രാവിലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റാങ്ക് ലിസ്‌റ്റിലുള്ള 66 പേര്‍ക്ക് നിയമനം നല്‍കിയ ശേഷം പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നു.